പയ്യന്നൂര്‍: ചലച്ചിത്ര സംവിധായകന്‍ മധു കൈതപ്രം (45) അന്തരിച്ചു. ഹൃദ്രോഗബാധയെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 10.30ഓടെയായിരുന്നു അന്ത്യം. ഏറെനാളായി പ്രമേഹത്തിനും ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സക്കായി കൊച്ചിയിലേക്ക് കൊണ്ടുപോകാനിരിക്കെയായിരുന്നു മരണം.
പ്രശസ്ത സംവിധായകന്‍ ജയരാജിന്‍റെ ‘കളിയാട്ടം’ എന്ന സിനിമയുടെ സഹസംവിധാനം നിര്‍വ്വഹിച്ചാണ് മധു കൈതപ്രത്തിന്‍റെ ചലച്ചിത്ര ലോകത്തേക്കുള്ള പ്രവേശനം. തുടര്‍ന്ന് ആദ്യമായി സംവിധാനം ചെയ്ത ‘ഏകാന്തം’ എന്ന സിനിമയിലൂടെ 2006-ലെ നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന ചലച്ചിത്ര അവാര്‍ഡും (സ്പെഷല്‍ ജൂറി പുരസ്കാരം) മധു സ്വന്തമാക്കി. മനോജ് കെ. ജയന്‍ നായകനായ ‘മധ്യവേനല്‍’, ദിലീപ് നായകനായ ‘ഓര്‍മ്മ മാത്രം’, ഏറ്റവുമൊടുവില്‍ മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് നായകനായ’വെള്ളിവെളിച്ചത്തില്‍’ എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. പയ്യന്നൂരിലെ വിദ്യാഭ്യാസകാലം മുതല്‍ കലാ സാംസ്കാരികരംഗത്ത് നിറസാന്നിധ്യമായിരുന്നു. എല്‍.ഐ.സിയില്‍ ജോലി ചെയ്യവേയാണ് സിനിമാരംഗത്തെത്തിയത്. പയ്യന്നൂര്‍ കൈതപ്രത്ത് കെ.പി. കുഞ്ഞിരാമ പൊതുവാളിന്റേയും വി.കെ. നാരായണിയുടെയും മകനാണ്. ഭാര്യ: രാഖി. മകന്‍: ശ്രീരാം.
Discussion about this post