തിരുവനന്തപുരം: കുറ്റകൃത്യങ്ങളും അഴിമതി ഉള്‍പ്പെടെയുള്ള സാമൂഹ്യ വിപത്തുകളെക്കുറിച്ചുള്ള വിവരങ്ങളും ഇനി മുതല്‍ ആഭ്യന്തരമന്ത്രിയെ നേരിട്ട് അറിയിക്കാം. ഇതിനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേരില്‍ ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി. പ്ലേ സ്റ്റോറില്‍ രമേശ് ചെന്നിത്തല എന്നു ടൈപ്പ് ചെയ്താല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
നിലവില്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ആപ്ലിക്കേഷന്റെ മറ്റു വേര്‍ഷനുകളും ഉടന്‍ പുറത്തിറക്കുമെന്ന് ആപ്പിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചുകൊണ്ട് രമേശ് ചെന്നിത്തല അറിയിച്ചു. ആഭ്യന്തരമന്ത്രിയായി ഒരു വര്‍ഷം പൂര്‍ത്തിയാക്കാന്‍ പോകുന്ന അവസരത്തില്‍ ഇത് ജനങ്ങള്‍ക്കുള്ള തന്റെ പുതുവത്സര സമ്മാനമാണെന്നും ജനങ്ങള്‍ ഇതു പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ പൊതുജനങ്ങളുമായി കൂടുതല്‍ സംവദിക്കുകയും ആശയങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാക്കിയിരിക്കുന്നത്. നിരവധി സവിശേഷതകളോടു കൂടിയതാണ് ആപ്ലിക്കേഷന്‍. ആഭ്യന്തര മന്ത്രിയുടെ എല്ലാ ദിവസത്തെയും പരിപാടികള്‍ ഇതിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. ഐഡിയാ ബോക്‌സ് എന്ന വിഭാഗത്തില്‍ പോലീസുമായി ബന്ധപ്പെട്ടുള്ള വിവിധ നയപരിപാടികള്‍ എല്ലാ മാസവും പോസ്റ്റ് ചെയ്യും. അതിനെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ മന്ത്രിയെ അറിയിക്കാം.
അഴിമതി എവിടെ കണ്ടാലും അപ്പോള്‍ത്തന്നെ ഈ ആപ്ലിക്കേഷന്‍ വഴി ആഭ്യന്തരമന്ത്രിക്കു നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാം. ഓപ്പറേഷന്‍ കുബേര, സേഫ് കാമ്പസ് ക്ലീന്‍ കാമ്പസ്, നിര്‍ഭയ തുടങ്ങി ആഭ്യന്തര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഏതുതരം പരിപാടികളെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് മന്ത്രിയുമായി ആശയവിനിമയം നടത്താം.
മൊബൈല്‍ ആപ്ലിക്കേഷനില്‍ അഭിപ്രായ സര്‍വേ എന്ന പ്രത്യേക വിഭാഗവും ഉണ്ട്. വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് അഭിപ്രായ സര്‍വേകള്‍ നടത്താനും ജനങ്ങള്‍ക്ക് അതില്‍ പങ്കെടുക്കാനും വേണ്ടിയാണ് ഈ സൗകര്യം. ഈ സര്‍വേകളില്‍ ജനങ്ങള്‍ പ്രധാന്യം കൊടുക്കുന്ന വിഷയങ്ങളില്‍ മന്ത്രിയുടെ അടിയന്തര ശ്രദ്ധ പതിയും. പ്രധാന വിഷയങ്ങള്‍ ഉന്നയിക്കുന്നവരെ താന്‍ നേരിട്ടു വിളിച്ചു ചര്‍ച്ച നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.
ഇതിനുപുറമേ, ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, ചിത്രങ്ങള്‍, വീഡിയോ ക്ലിപ്പിംഗുകള്‍ തുടങ്ങിയവ ഈ ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. മന്ത്രിയുടെ സന്ദര്‍ശന പരിപാടി ഏതു ജില്ലയിലാണെന്നും, എപ്പോള്‍, എവിടെ ചെന്നാല്‍ അദ്ദേഹത്തെ നേരിട്ടുകാണാമെന്നുള്ള വിവരങ്ങള്‍ ഈ ആപ്ലിക്കേഷനില്‍ ലഭ്യമാകും.
Discussion about this post