തിരുവനന്തപുരം: 82ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് പ്രൗഡോജ്ജ്വല തുടക്കമായി. കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഭദ്രദീപം കൊളുത്തി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വര്‍ത്തമാനകാല സമൂഹത്തില്‍ ശ്രീനാരായണഗുരുവിന്റെ ആശയങ്ങളും തത്വങ്ങളും ഏറെ പ്രസക്തമാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
ദീര്‍ഘദര്‍ശിയായ ഗുരു താഴേത്തട്ടിലുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരാനും വിദ്യാഭ്യാസം നല്‍കാനും മുന്‍കൈയെടുത്തു. അദ്ദേഹത്തിന്റെ ജീവിതം തന്നെ താഴേത്തട്ടിലുള്ളവര്‍ക്കായി ഉഴിഞ്ഞുവെച്ചു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യനെന്ന ഗുരുവചനം ഇന്നത്തെകാലത്ത് ഏറെ പ്രസക്തമാണ്. തുല്യതക്ക് വേണ്ടിയുള്ള ഗുരുവിന്റെ സാമൂഹിക വിപ്ലവങ്ങള്‍ സമൂഹത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ക്ക് വഴിവെച്ചു. ഗുരു രചിച്ച പ്രാര്‍ത്ഥനാഗീതമായ ദൈവദശകത്തില്‍ എല്ലാ മതങ്ങളുടെയും തത്വങ്ങളും ആശയവും ഉള്‍ക്കൊള്ളുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
ശ്രീനാരായണഗുരുദേവന്റെ മുഖമുദ്രയായ ലാളിത്യം നാമാേരുത്തരും ജീവിതത്തില്‍ പകര്‍ത്തണമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. വിവാഹങ്ങള്‍ക്കും മറ്റും കോടികള്‍ ചെലവഴിക്കുന്നവരുള്ള കേരളത്തില്‍ ഗുരുവിന്റെ വചനങ്ങള്‍ പ്രചോദനമാകണം. ജാതി, മത സംഘര്‍ഷങ്ങള്‍ തടയാന്‍ ഗുരുദേവ ആശയങ്ങളാണ് ഏകമരുന്ന്. ഗുരുദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യക്തികള്‍ക്ക് മതപരമായ ഭിന്നിപ്പുകള്‍ ഉണ്ടാക്കാന്‍ കഴിയില്ല. ദിവ്യപ്രബോധനം കൊണ്ട് സമൂഹത്തെ വെളിച്ചത്തിലേക്ക് നയിക്കുക മാത്രമല്ല, സമൂല പരിവര്‍ത്തനത്തിന് വേണ്ടി ജനങ്ങളെ അണിനിരത്താനും ഗുരുവിനായെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അധ്യക്ഷത വഹിച്ചു. തീര്‍ത്ഥാടനക്കമ്മിറ്റി സെക്രട്ടറി സ്വാമി സച്ചിദാനന്ദ മുഖ്യപ്രഭാഷണവും സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണവും നടത്തി. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ ട്രഷറര്‍ സ്വാമി അമൃതാനന്ദ ഭദ്രദീപപ്രകാശനം നിര്‍വഹിച്ചു. ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും തീര്‍ത്ഥാടനക്കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി വിശാലാനന്ദ കൃതജ്ഞതയും പറഞ്ഞു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന തീര്‍ത്ഥാടനം ജനുവരി ഒന്നിന് സമാപിക്കും. വിവിധ സെഷനുകളിലായ 12 സെമിനാറുകളും തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.
Discussion about this post