ശബരിമല: പുതുവര്‍ഷപ്പുലരിയില്‍ അയ്യപ്പസ്വാമിയെ ദര്‍ശിച്ച് സായൂജ്യരായി ഭക്തലക്ഷങ്ങള്‍. ക്ഷേത്രനട തുറന്ന പുലര്‍ച്ചെ മൂന്നു മുതല്‍ വന്‍ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. പുതുവര്‍ഷപ്പുലരിയില്‍ ദര്‍ശനം നടത്താമെന്ന പ്രതീക്ഷയില്‍ ഏറെപ്പേര്‍ സന്നിധാനത്തെത്തി. പ്രാര്‍ഥനാനിര്‍ഭരമായ മനസുകളോടെ പുതുവര്‍ഷത്തിലേക്ക് ഭക്തജനങ്ങള്‍. നടപ്പന്തലിലും മറ്റുമായി അവരുടെ ക്ഷമാപൂര്‍ണമായ കാത്തിരിപ്പ്. പുതുവര്‍ഷപ്പുലരിയില്‍ അയ്യപ്പ സന്നിധി ശരണം വിളികളാല്‍ മുഖരിതം. ദീര്‍ഘനേരം ക്യൂ നിന്നാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള അയ്യപ്പന്മാര്‍ കഴിഞ്ഞ രാത്രിയും ഇന്ന് പുലര്‍ച്ചെയും ദര്‍ശനം നടത്തിയത്.
മകരവിളക്ക് മഹോത്സവത്തിനായി ക്ഷേത്രനട തുറന്നതുമുതല്‍ ആരംഭിച്ച ഭക്തജനപ്രവാഹം ഇന്നു പുലര്‍ച്ചെയും തുടര്‍ന്നു. പോലീസിന്റെയും കേന്ദ്രസേനകളുടെയും നിയന്ത്രണത്തിലും സുരക്ഷയിലുമായിരുന്നു തീര്‍ഥാടകര്‍. പുതുവത്സരപ്പുലരിയില്‍ ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി തൊഴിലാളികളുടെയും പുണ്യം പൂങ്കാവനം പ്രവര്‍ത്തകരുടെയും സംയുക്ത പ്രവര്‍ത്തനത്തിന്റെ ഫലമായി പുതുവത്സരദിനത്തില്‍ ശബരിമല മാലിന്യമുക്തവും ശാന്തവുമായിരുന്നു. ശരണംവിളികളോടെ പതിനെട്ടാംപടി കയറി സ്വാമിയെ ദര്‍ശിച്ച് ഒരു പുതുവര്‍ഷത്തിന്റെ അനുഗ്രഹവും പ്രത്യാശകളുമായാണ് ഭക്തര്‍ മടങ്ങിയത്.
Discussion about this post