തിരുവനന്തപുരം: ജില്ലയിലെ 650 കേന്ദ്രങ്ങളില്‍ നിന്ന് പത്ത് ലക്ഷം ജനങ്ങളെ പങ്കെടുപ്പിച്ച് റണ്‍കേരളറണ്‍ കൂട്ടയോട്ടം വന്‍ വിജയമാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ദേശീയഗയിംസ് ജില്ലാ സംഘാടകസമിതിയോഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയേഴ്‌സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുളള ജനങ്ങളെ കൂട്ടയോട്ടത്തില്‍ പങ്കെടുപ്പിക്കും. ഇതിനായി പഞ്ചായത്ത്തല സമിതികള്‍ രൂപീകരിച്ച് വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയ വിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ആസ്ഥാനത്തും എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഗെയിംസ് വേദികളിലും മെഗാ റണ്‍ സംഘടിപ്പിക്കും. എല്ലാ കേന്ദ്രങ്ങളിലും വിശിഷ്ടവ്യക്തികളുടെ സാന്നിദ്ധ്യം ഉറപ്പാക്കും. കെ. മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.പി. നാരായണന്‍ എം.പി., എം.എല്‍.എ. മാരായ എം.എ. വാഹിദ്, വി. ശിവന്‍കുട്ടി, നാഷണല്‍ ഗെയിംസ് സെക്രട്ടേറിയറ്റ് ചീഫ് കമ്മീഷണര്‍ ജേക്കബ് പുന്നൂസ്, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, ഡെപ്യൂട്ടി കളക്ടര്‍ അനു എസ്. നായര്‍, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വെട്ടുറോഡ് വിജയന്‍, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. മണികണ്ഠന്‍, പഞ്ചായത്ത് – കോര്‍പ്പറേഷന്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post