തിരുവനന്തപുരം: കൊച്ചി മെട്രോ സമയത്തുതന്നെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത കൊച്ചി മെട്രോയുടെ യോഗത്തില്‍ അദ്ധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം. 2016 ജൂണില്‍ കൊച്ചിമെട്രോ കമ്മീഷന്‍ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. ഇതില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ഒരുകാരണവശാലും കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കാലതാമസം അനുവദിക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിമെട്രോ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ തോതില്‍ പുരോഗമിക്കുകയാണെന്ന് യോഗത്തിനുശേഷം മന്ത്രി ആര്യാടന്‍ മുഹമ്മദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അവശേഷിച്ചിരുന്ന ചില തര്‍ക്കങ്ങളും സ്ഥലങ്ങള്‍ സംബന്ധിച്ചുള്ള പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിച്ചുകഴിഞ്ഞു. റോഡു വികസനത്തിനും തീരുമാനമെടുത്തുകഴിഞ്ഞു. 810 പില്ലറുകളില്‍ 800 എണ്ണത്തിനുള്ള സ്ഥലവും ലഭ്യമായിക്കഴിഞ്ഞു. ബാക്കിയുള്ളവക്കായി ചര്‍ച്ച നടത്തിവരുന്നതായി മന്ത്രി പറഞ്ഞു. റോളിങ് സ്റ്റോക്ക് സമയത്ത് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 12-ന് കമ്പനികളുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് 13-ന് റിവ്യൂ കമ്മിറ്റി യോഗം ചേര്‍ന്ന് ക്ലിയറന്‍സ് സംബന്ധിച്ച് തീരുമാനമെടുക്കും. മെട്രോപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിനും സര്‍ക്കാര്‍ പുതിയൊരു പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
യോഗത്തില്‍ ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാം, കൊച്ചി മെട്രോ എം.ഡി.യും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഏലിയാസ് ജോര്‍ജ്ജ്, കൊച്ചി മെട്രോ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ഇ. ശ്രീധരന്‍, മുതലായവര്‍ പങ്കെടുത്തു.
Discussion about this post