തിരുവനന്തപുരം: പൊതുജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനുളള വേദിയാണ് റവന്യു അദാലത്തുകളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന്റെ നേരിട്ടുള്ള നേതൃത്വത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച റവന്യു-സര്‍വെ അദാലത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിലുളള റവന്യുസര്‍വേ ചട്ടങ്ങളില്‍ പരിഷ്‌ക്കരണം വരുത്താന്‍ റവന്യൂ-സര്‍വെ അദാലത്തുകള്‍ ഇടയാക്കും. വിപുലമായ രീതിയില്‍ അദാലത്ത് സംഘടിപ്പിക്കുമ്പോള്‍ എല്ലാ വിഭാഗത്തിലുളള ജനങ്ങളുടേയും പ്രാതിനിധ്യം ഉറപ്പാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവീന സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി റവന്യൂ വകുപ്പില്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് റവ്യന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. റവന്യൂ-സര്‍വ്വേ വകുപ്പിലെ ജീവനക്കാര്‍ ഒത്തൊരുമയോടെ മാസങ്ങളായി നടത്തിയ അക്ഷീണ പരിശ്രമത്തിന്റെ ഫലമായാണ് അദാലത്ത് സാധ്യമായത്. ചരിത്രത്തില്‍ ആദ്യമായി നടത്തുന്ന അദാലത്ത് എല്ലാ ജില്ലയിലും പൂര്‍ത്തിയാവുമ്പോള്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരം ഉണ്ടാവുക. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയാണ് റവന്യൂഅദാലത്തിന് പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പ് സംഘടിപ്പിക്കുന്ന അദാലത്ത് മറ്റ് വകുപ്പുകള്‍ മാതൃകയാക്കേണ്ടതാണെന്ന് ഡെപ്യൂട്ടി സ്‌പീക്കര്‍ എന്‍. ശക്തന്‍ പറഞ്ഞു. തിരുവനന്തപുരത്തിന്റെ തുടര്‍ച്ചയായി എല്ലാ ജില്ലകളിലും റവന്യൂ-സര്‍വേ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്നും റവന്യൂദിനത്തില്‍ എറണാകുളത്ത് അദാലത്ത് സംഘടിപ്പിക്കുന്നത് സന്തോഷകരമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുരിതാശ്വാസനിധിയില്‍ നിന്നുളള ധനസഹായങ്ങള്‍ വേദിയില്‍ മുഖ്യമന്ത്രി വിതരണം ചെയ്‌തു. ചടങ്ങില്‍ ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകര്‍ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി സ്‌പീക്കര്‍ എന്‍. ശക്തന്‍, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, എം.എല്‍.എ. മാരായ കെ. മുരളീധരന്‍, എം.എ. വാഹിദ്, വര്‍ക്കല കഹാര്‍, ആര്‍. സെല്‍വരാജ്, കോലിയക്കോട് കൃഷ്‌ണന്‍ നായര്‍, വി. ശിവന്‍കുട്ടി, പാലോട് രവി, ബി. സത്യന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാറസല്‍, നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജയകുമാര്‍, റവന്യൂവകുപ്പ് സെക്രട്ടറി ഇ.കെ. മാജി, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എം.സി. മോഹന്‍ദാസ്, റവന്യൂ ജോയിന്റ് കമ്മീഷണര്‍ ബി. മോഹനന്‍, സര്‍വെ ഡയറക്‌ടര്‍ മിത്ര, എ.ഡി.എം. വി.ആര്‍. വിനോദ്, സബ് കളക്‌ടര്‍ എസ്. കാര്‍ത്തികേയന്‍, ഡെപ്യൂട്ടി കളക്‌ടര്‍മാര്‍, മറ്റ് റവന്യൂ – സര്‍വെ ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
Discussion about this post