തിരുവനന്തപുരം: ദേശീയ ഗയിംസിന് മുന്നോടിയായി സംഘടിപ്പിച്ച റണ്‍ കേരള റണ്‍ കൂട്ടയോട്ടം കേരള കായിക ചരിത്രത്തില്‍ ഇതിഹാസമായി മാറി. ദേശീയ ഗയിംസ് ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ നയിച്ച റണ്‍ കേരള റണ്‍ ജനപങ്കാളിത്തത്തില്‍ ശ്രദ്ധേയമായി. സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിന് സമീപത്ത് ഒരുക്കിയ പ്രത്യേക വേദിയില്‍ നിന്നും കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം റണ്‍ കേരള റണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
സച്ചിനൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്, ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍, മുന്‍ കായിക മന്ത്രി എം. വിജയകുമാര്‍, ദേശീയ ഗയിംസ് സി.ഇ.ഒ ജേക്കബ് പുന്നൂസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ പത്മിനി തോമസ്, കെ. മുരളീധരന്‍ എം.എല്‍.എ, സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍, അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ തുടങ്ങിയവര്‍ റണ്‍ കേരള റണ്ണിലെ ആദ്യ നിരയിലെ ഓട്ടക്കാരായിരുന്നു. വന്‍ ജനാവലിക്കിടയിലൂടെ സൗത്ത് ഗേറ്റ് മുതല്‍ നോര്‍ത്ത് ഗേറ്റ് വരെ സച്ചിന്‍ ഓടി. സമാപന സമ്മേളനം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ഒരുക്കിയിരുന്നത് യോഗത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. കേരള ജനതയുടെ മൂന്നിലൊന്ന് പേരെ അണിനിരത്തിയ റണ്‍ കേരള റണ്‍ ഇതിഹാസമാണെന്ന് മന്ത്രി പറഞ്ഞു. പ്രതിജ്ഞാ വാചകം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചൊല്ലിക്കൊടുത്തു. കേരളം മനസുവച്ചാല്‍ എന്തും നേടാനാവുമെന്നതാണ് റണ്‍ കേരള റണ്‍ നല്‍കുന്ന പാഠമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ രംഗത്തും ഈ വിജയം ആവര്‍ത്തിക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റണ്‍ കേരള റണ്ണിനെത്തിയവരെ ആവേശത്തിലാഴ്ത്തിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ മലയാളത്തില്‍ നമസ്‌ക്കാരം പറഞ്ഞാണ് സദസിനെ അഭിസംബോധന ചെയ്തത്. റണ്‍ കേരള റണ്‍ ഇന്ത്യയുടെ തന്നെ ആരോഗ്യത്തിന്റെയും കെട്ടുറപ്പിന്റെയും അടയാളമായി മാറണമെന്ന് സച്ചിന്‍ പറഞ്ഞു. ഓട്ടം ശരീരത്തിന്റെ ആരോഗ്യത്തെയും ചിട്ടയെയും സ്വാധീനിക്കും പുതിയ ശീലങ്ങളിലേക്കുള്ള തുടക്കം കൂടിയായി റണ്‍ കേരള റണ്‍ മാറണം. അതിഥികളെ ഹൃദ്യമായി സ്വീകരിക്കുന്ന കേരളത്തിന്റെ വലിയ മനസോടെ ദേശീയ ഗയിംസിനെത്തുന്ന താരങ്ങളെയും സ്വീകരിക്കണം. ഈ സ്‌നേഹം താന്‍ പലവട്ടം നേരിട്ട് അനുഭവിച്ചിട്ടുള്ളതാണെന്നും സച്ചിന്‍ പറഞ്ഞു. 150 വര്‍ഷത്തെ കേരളത്തിന്റെ കായിക ചരിത്രം അവതരിപ്പിക്കുന്ന ഡോക്യുമെന്ററി ചിത്രം സച്ചിന്‍ തെണ്ടുല്‍ക്കറിന് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. വിനോദ് മങ്കരയാണ് ചിത്രം സംവിധാനം ചെയ്തത്. കേരളത്തിനൊപ്പം നിന്ന് മൊബൈലില്‍ സെല്‍ഫിയും എടുത്ത ശേഷമാണ് സച്ചിന്‍ വേദി വിട്ടത്.
Discussion about this post