തിരുവനന്തപുരം: കുറ്റകൃത്യങ്ങളുടെ ഗൗരവമറിയാതെ യുവതലമുറ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഇതിനെതിരെയുള്ള ബോധവല്‍ക്കരണ പരിപാടിയെന്ന നിലയില്‍ സൈബര്‍ ദര്‍ശന് പ്രാധാന്യം ഏറെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സി-ഡിറ്റ് സംഘടിപ്പിച്ച സൈബര്‍ ദര്‍ശന്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൈബര്‍ ദര്‍ശന്‍ കാലഘട്ടത്തിനനുയോജ്യമായ പരിപാടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ മുഴുവന്‍ കലാലയങ്ങളിലേക്കും സൈബര്‍ ദര്‍ശന്‍ പരിപാടി വ്യാപിപ്പിക്കണമെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് പറഞ്ഞു. കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിന് സാധ്യമാകുന്ന തരത്തിലുള്ള വൈജ്ഞാനികമായ വളര്‍ച്ച വിവര സാങ്കേതിക വിദ്യയില്‍ കൈവന്നുകഴിഞ്ഞു. അതേ വിഞ്ജാനമുപയോഗിച്ച് വ്യാപകമായ കുറ്റകൃത്യങ്ങളില്ലാതാക്കാന്‍ സാധിക്കണമെന്നും മന്ത്രി സൂചിപ്പിച്ചു. സൈബര്‍ ദര്‍ശന്‍ വെബ് സൈറ്റ് ഉദ്ഘാടനം വ്യവസായ-ഐടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിച്ചു. ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ശ്രീലേഖ ആര്‍, സി-ഡിറ്റ് ഡയറക്ടര്‍ ബാബുഗോപാലകൃഷ്ണന്‍, രജിസ്ട്രാര്‍ എസ് എ ഷാജഹാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post