തിരുവനന്തപുരം: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ജനുവരി 26 ന് രാവിലെ 8.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. തുടര്‍ന്ന് വിവിധ സായുധസേനാ വിഭാഗങ്ങളുടെയും മറ്റ് സേനാ വിഭാഗങ്ങളുടെയും, അശ്വാരൂഢ സേന, എന്‍.സി.സി, സ്‌കൗട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിക്കും. ഗവര്‍ണര്‍ റിപ്പബ്ലിക് ദിന സന്ദേശവും നല്‍കും. ഭാരതീയ വായുസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍ അവതരിപ്പിക്കും. നിഷില്‍ നിന്നുള്ള കുട്ടികളും ഈ വര്‍ഷത്തെ പരിപാടികളില്‍ പങ്കെടുക്കും.












