തിരുവനന്തപുരം: അടിസ്ഥാനരഹിതമായ അഴിമതിയാരോപണങ്ങളുന്നയിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം ദേശീയ ഗയിംസ് സംഘാടനവുമായി ബന്ധപ്പെട്ട കുറവുകള്‍ ചൂണ്ടിക്കാണിച്ചാല്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുരുങ്ങിയ സമയത്തിനുള്ളില്‍ തികച്ചും സുതാര്യമായാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 740 ദിവസങ്ങള്‍ കൊണ്ട് പ്രവര്‍ത്തനസജ്ജമായ സ്റ്റേഡിയത്തിന് ലോകകായികരംഗത്തെ കേരളത്തിലേയ്ക്കാ കര്‍ഷിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പ്രത്യാശിച്ചു. കേരളത്തില്‍ കായിക വിനോദസഞ്ചാരത്തിന് ആക്കം കൂട്ടാനും ഗ്രിന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനു കഴിയും. 15 വര്‍ഷത്തിനുശേഷം സ്റ്റേഡിയം കേരള സര്‍വകലാശാലയുടേതാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കായിക വകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന പരിപാടിയില്‍ സ്റ്റേഡിയത്തിന്റെ സമര്‍പ്പണ രേഖ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.പി.കെ.രാധാകൃഷ്ണന് കൈമാറി. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, മന്ത്രി വി.എസ്.ശിവകുമാര്‍ എം.എല്‍.എ.മാരായ എം.എ.വാഹിദ്, കെ.മുരളീധരന്‍, വി.ശിവന്‍കുട്ടി, മുന്‍കായിക വകുപ്പുമന്ത്രി എം.വിജയകുമാര്‍, ദേശീയ ഗയിംസ് സംഘാടക സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മ്മിച്ച രാജ്യത്തെ ആദ്യ സ്റ്റേഡിയമാണ് കാര്യവട്ടത്തേത്.
161 കോടി ചെലവില്‍ നിര്‍മ്മിച്ച സ്റ്റേഡിയത്തിന്റെ ആകെ വിസ്തൃതി 37 ഏക്കറാണ് (55317 സ്‌ക്വയര്‍ മീറ്റര്‍). ഇതില്‍ 30.5 ഏക്കര്‍ സ്റ്റേഡിയത്തിനായും 6.5 ഏക്കര്‍ വിശാലമായ പാര്‍ക്കിംഗിനുമായാണ് വേര്‍തിരിച്ചിരിക്കുന്നത്. ഏകദേശം ഒരു ലക്ഷം ആള്‍ക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയത്തില്‍ 50,000 പേര്‍ക്കുള്ള ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ശാരീരിക വൈകല്യമുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിക്കൊണ്ടാണ് ഇരിപ്പിടങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. നൂറു പേര്‍ക്ക് ഒരു ടോയ്‌ലറ്റ് എന്ന ക്രമത്തില്‍ സ്റ്റേഡിയത്തിലെ ടോയ്‌ലറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ മികച്ച സ്റ്റേഡിയങ്ങളിലുള്‍പ്പെടെ റൂഫിംഗ് മുപ്പത് ശതമാനമായ പരിമിതപ്പെടുത്തുമ്പോള്‍ കാര്യവട്ടത്തേത് അമ്പത് ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. അള്‍ട്രാവയലറ്റ് രശ്മികളെ പൂര്‍ണമായും നിയന്ത്രിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള റൂഫിംഗ് ടെന്‍സൈല്‍ ഫാബ്രിക് കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ കഴിഞ്ഞാല്‍ ക്രിക്കറ്റിനും ഫുട്‌ബോളിനും അനുയോജ്യമായ അന്താരാഷ്ട്ര സ്റ്റേഡിയം എന്ന സവിശേഷതയും കാര്യവട്ടത്തിനു സ്വന്തമാണ്.
ഫിഫയുടെയും ഐ.സി.സിയുടെയും നിയമാവലികള്‍ പാലിച്ചാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം. നാലു സോണുകളായി തിരിച്ചിട്ടുള്ള സ്റ്റേഡിയത്തില്‍ നോര്‍ത്ത് സോണ്‍ ക്രിക്കറ്റിനായും ഈസ്റ്റ് സോണ്‍ ഫുട്‌ബോളിനായും ക്രമീകരിച്ചിരിക്കുന്നു. ഈ രണ്ടു സോണുകളിലും പ്ലയേഴ്‌സ് ലോഞ്ച്, ജിംനേഷ്യം, മീഡിയ സെന്റര്‍, സ്റ്റോക്ക് റൂം തുടങ്ങി അത്യാധുനിക സൗകര്യങ്ങളുണ്ടാകും. സൗത്ത് സോണില്‍ സജ്ജീകരിക്കുന്ന ചെറു മാളുകള്‍. ഫുഡ് കോര്‍ട്ട് എന്നിവ സ്റ്റേഡിയത്തിന്റെ മറ്റു പ്രധാന ആകര്‍ഷണങ്ങളാണ്.
Discussion about this post