ആലുവ: ശിവരാത്രിക്ക് മാത്രമല്ലാതെ, 365 ദിവസവും ബലിതര്‍പ്പണം നടക്കുന്ന ഇടമായതിനാല്‍ മണപ്പുറത്തിന്റെ വികസനത്തിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഒരു മാസത്തിനകം മണപ്പുറത്തെത്തുന്ന ഭക്തര്‍ക്ക് എല്ലാ ദിവസവും അന്നദാനം ഒരുക്കുമെന്നും ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍ പറഞ്ഞു. ശിവരാത്രി അവലോകന യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സമഗ്ര വികസനം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍ നായര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശൗചാലയവും വസ്ത്രം മാറാനുള്ള മറപ്പുരയും ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും. ഈ ശിവരാത്രി കാലത്ത് മണപ്പുറത്തെ വൈദ്യുതിവത്കരണം ഏരിയല്‍ ബഞ്ചിംഗ് കേബിള്‍ (എബിസി) ഉപയോഗിച്ചായിരിക്കും നടത്തുക. വൈദ്യുതി കമ്പികള്‍ക്ക് പ്ലാസ്റ്റിക് കവചമുള്ളതിനാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പത്ത് ലക്ഷം രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ദേവസ്വം ബോര്‍ഡ് ശബരിമലയിലും ചെട്ടികുളങ്ങര ക്ഷേത്രത്തിലും ഈ എബിസി സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശിവരാത്രിയോടനുബന്ധിച്ച് ബലിത്തറകള്‍ വീതം വെച്ച് നല്‍കുന്നതിനെപ്പറ്റി ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇത്തവണ ലേലം ചെയ്ത് നല്‍കാനായി തീരുമാനിച്ചത്. ബലിതര്‍പ്പണത്തിന് ഭക്തരില്‍ നിന്ന് മുപ്പത് രൂപ വീതം ഈടാക്കണമെന്ന് നിര്‍ദ്ദേശം നല്‍കും. ഈ തുക മണപ്പുറത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുകയും ചെയ്യും. ദേവസ്വം ബോര്‍ഡ് വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ ശിവരാത്രി നിരീക്ഷിക്കുവാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post