* ക്വാറികളുടെ പെര്‍മിറ്റ് അവസാനിച്ചു
തിരുവനന്തപുരം: മുക്കുന്നുമലയിലെ ക്വാറികള്‍ക്ക് അനുവദിച്ചിരുന്ന പെര്‍മിറ്റിന്റെ കാലാവധി ഫെബ്രുവരി ഒമ്പതിന് അവസാനിച്ചതിനാല്‍ മേഖലയിലെ എല്ലാ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തവയ്ക്കാന്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ ഉത്തരവായി. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജിയോളജി വകുപ്പ്, പഞ്ചായത്ത് എന്നിവയില്‍ നിന്നും ക്വാറികള്‍ക്ക് അനുവദിച്ച പെര്‍മിറ്റിന്റെ കാലാവധിയാണ് ഇന്നലെയോടെ അവസാനിച്ചത്. ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിനാല്‍ മേഖലയിലെ ഖനനത്തെ സംബന്ധിച്ച് വിജിലന്‍സ് നടത്തി വന്നിരുന്ന അന്വേഷണം പുനരാരംഭിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത ഉന്നതഉദ്യോഗസ്ഥരുടെ അടിയന്തിര യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. മേഖലയിലെ ക്രമസമാധാന പാലനത്തിനായി നരുവാമൂട്, മലയിന്‍കീഴ്, നേമം പോലീസ് സ്റ്റേഷനുകളിലായി 15 പോലീസുകാരെ കൂടുതല്‍ അനുവദിക്കാന്‍ കളക്ടര്‍ റൂറല്‍ എസ്.പിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തന അനുമതി അവസാനിച്ച സാഹചര്യത്തില്‍ മുക്കുന്നുമലയില്‍ ആരെങ്കിലും ഖനന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ അത് തീര്‍ത്തും അനധികൃതമായിരിക്കുമെന്നും അത്തരം അനധികൃത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നെയ്യാറ്റിന്‍കര തഹസില്‍ദാരെ ചുമതലപ്പെടുത്തിയതായും കളക്ടര്‍ അറിയിച്ചു. എന്‍വിറോണ്‍മെന്റ് ഇംപാക്ട് അസസ്സ്‌മെന്റ് അതോരിറ്റിയുടെ പാരിസ്ഥിതിക അനുമതി ഇല്ലാതെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ലൈസന്‍സ് പുതുക്കാന്‍ പാടില്ലെന്ന ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവ് കൂടി പരിഗണിച്ചാണ് തീരുമാനം കൈക്കൊണ്ടത്. പാറമാര്‍ക്കുകള്‍ മനപൂര്‍വ്വം നഷ്ടപ്പെടുത്തുന്ന സാഹചര്യത്തില്‍ ജി.പി.എസ് കോര്‍ഡിനേറ്റ്‌സ് അല്ലെങ്കില്‍ ടോട്ടല്‍ സ്റ്റേഷന്‍ സ്‌കെച്ചുകള്‍ നല്‍കിയാല്‍ മാത്രമേ റവന്യൂ വകുപ്പും ജിയോളജി വകുപ്പും മേലില്‍ എന്‍.ഒ.സി നല്‍കാവൂ എന്നും കളക്ടര്‍ ഉത്തരവായി. എ.ഡി.എം വി.ആര്‍.വിനോദ്, നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ സാം എല്‍. സോണ്‍, ജില്ലാ ജിയോളജിസ്റ്റ് ടി.വി.ജ്യോതിഷ്‌കുമാര്‍, നരുവാമൂട് എസ്.ഐ ഷൈന്‍കുമാര്‍, പള്ളിച്ചല്‍ പഞ്ചായത്ത് സെക്രട്ടറി നോയല്‍ രാജ്, മലിനീകരണ നിയന്ത്രണബോര്‍ഡ് പ്രതിനിധി പി.ശിവകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post