തിരുവനന്തപുരം: പൊങ്കാല ഉല്‍സവത്തിന് മുന്നോടിയായി ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള റോഡുകളും സമീപത്തെ ഓടകളും അറ്റകുറ്റപ്പണി നടത്താന്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കി. പൊങ്കാല മഹോല്‍സവത്തിന് മുന്നോടിയായി ക്ഷേത്ര കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡുകളില്‍ പൈപ്പ് സ്ഥാപിച്ചശേഷം േകാണ്‍ക്രീറ്റ് ചെയ്തതില്‍ നടക്കാന്‍ ബുദ്ധിമുട്ടുള്ള ഭാഗങ്ങള്‍ സഞ്ചാരയോഗ്യമാക്കണം. ക്ഷേത്രത്തിലേക്കുള്ള പ്രധാനപാതയിലെ ഓടകള്‍ തകര്‍ന്നിരിക്കുകയാണ്. ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലാതെ പൊങ്കാലയിടാന്‍ സൗകര്യമൊരുക്കാന്‍ അടിയന്തിരമായി ഈ ഭാഗങ്ങള്‍ അറ്റകുറ്റപ്പണി നടത്താന്‍ കോര്‍പറേഷന്‍, പി.ഡബ്‌ളിയു.ഡി അധികൃതരോട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. പൊട്ടിപ്പൊളിഞ്ഞ ഡ്രെയിനേജുകളും ശരിയാക്കണം. ഘോഷയാത്ര കടന്നുപോകുന്ന റോഡുകളും അടിയന്തിരമായി ഗതാഗയോഗ്യമാക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു. പൊങ്കാലയോടനുബന്ധിച്ച് 1300 ഓളം താല്‍ക്കാലിക ടാപ്പുകള്‍ സ്ഥാപിക്കാന്‍ നടപടിയായതായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. കിള്ളിയാറിന്റെ കടവുകള്‍ കേന്ദ്രീകരിച്ച് ഷവറുകള്‍ സ്ഥാപിക്കാന്‍ അതോറിറ്റിയോട് യോഗം നിര്‍ദ്ദേശിച്ചു. വാട്ടര്‍ ടാങ്കുകള്‍ പരമാവധി എത്തിക്കാന്‍ നടപടിയെടുക്കും. മറ്റു താലൂക്കുകളില്‍ നിന്നും ടാങ്കുകള്‍ ലഭ്യമാക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഉല്‍സവദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി രാവിലെ നാലുമണിമുതല്‍ ക്ഷേത്രത്തിലേക്ക് ബസ് സര്‍വീസ് നടത്തും. ക്ഷേത്രപരിസരത്ത് ആളിറക്കി ബണ്ട് റോഡ് വഴി തിരികെ പോകുന്നവിധം വണ്‍വേ സര്‍വീസാണ് ക്രമീകരിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് ആറ് മെഡിക്കല്‍ ടീമിനെ നിയോഗിക്കും. അംബാ ഓഡിറ്റോറിയം, കണ്‍ട്രോള്‍ റൂം, ശ്രീനഗര്‍ മണക്കാട്, കുര്യാത്തി, കാലടി, എം.എസ്.കെ നഗര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ടീം സേവനങ്ങള്‍ ലഭ്യമാക്കും. കൂടാതെ ആറ്റുകാല്‍ മേഖലയിലുള്ള ആറ് അര്‍ബന്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും ചികില്‍സകള്‍ക്ക് സജ്ജമായിരിക്കും. 108 ആംബുലന്‍സുകള്‍ 12 എണ്ണം ലഭ്യമാക്കും.
പൊങ്കാലദിനത്തില്‍ കണ്‍ട്രോള്‍ റൂമില്‍ നാലു ഡോക്ടര്‍മാരുടെ സേവനവുമുണ്ടാകും. പൊങ്കാലക്ക് ശേഷം ശുചീകരണത്തിനുള്ള നടപടികള്‍ കോര്‍പറേഷന്‍ കൈക്കൊള്ളും. സുരക്ഷക്കും ക്രമസമാധാനപാലത്തിനും പോലീസ് നടപടികള്‍ ശക്തമാക്കും. ഉല്‍സവകാലത്തേക്കായി മൂന്നു ട്രാന്‍സ്‌ഫോര്‍മറുകള്‍ എത്തിച്ചതായി കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിയും ഏറെക്കുറേ പൂര്‍ത്തിയായിട്ടുണ്ട്. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ 23ന് ഉദ്യോഗസ്ഥതലയോഗം വീണ്ടും ചേരുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഡെപ്യൂട്ടി കളക്ടര്‍ വി. ജയപ്രകാശ്, ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി. രാമചന്ദ്രന്‍ നായര്‍, സെക്രട്ടറി എം. ഭാസ്‌കരന്‍ നായര്‍, പ്രസിഡന്റ് വി.എല്‍. വിനോദ്, ട്രഷറര്‍ പി.കെ. കൃഷ്ണന്‍ നായര്‍, വൈസ് പ്രസിഡന്റ് ഗിരിജാദേവിയമ്മ, ജോയന്റ് സെക്രട്ടറി എന്‍.കെ. ശ്രീകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ സി. ജയന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Discussion about this post