തിരുവനന്തപുരം: ദേശീയ ഗയിംസിനായി ഏറ്റെടുത്തിട്ടുള്ള വേദികളുടെ പരിപാലനത്തിനായി ചുവടെപറയുന്ന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, വെള്ളായണി കാര്‍ഷിക കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയം, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, എറണാകുളം സിയാല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, സിയാല്‍ ഗോള്‍ഫ് കോഴ്‌സ്, കാര്യവട്ടം ഗ്രിന്‍ഫീല്‍ഡ് സ്റ്റേഡിയം, കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, തൃശൂര്‍ കേരള പോലീസ് അക്കാഡമി, തിരുവനന്തപുരം എല്‍.എന്‍.സി.പി.ഇ. വെലോഡ്രോം, എല്‍.എന്‍.സി.പി.ഇ. ഇന്‍ഡോര്‍ കോര്‍ട്ട്, കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, തൃശൂര്‍ തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നീ വേദികളില്‍ ദേശീയ ഗയിംസിനായി വരുത്തിയ മാറ്റങ്ങള്‍ നിലനിര്‍ത്തി മെച്ചപ്പെട്ട രീതിയില്‍ തുടര്‍ന്നും പരിപാലിക്കുമെന്ന ഉറപ്പില്‍ അതത് ഉടമസ്ഥര്‍ക്ക് വിട്ടു നല്‍കും.
എറണാകുളം ചെറായി ബീച്ച്, കോവളം ബൈപാസ്, കോഴിക്കോട് ബീച്ച്, ശംഖുമുഖം ബീച്ച്, ആലപ്പുഴ വേമ്പനാട്ട് കായല്‍ വരെയുള്ള സ്ഥലങ്ങളില്‍ ഗയിംസിനായി നിര്‍മിച്ച താത്കാലിക വേദികള്‍ മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ നാഷണല്‍ ഗയിംസ് സെക്രട്ടേറിയറ്റ് സ്വീകരിക്കും. വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ച്, തിരുവനന്തപുരം സ്‌ക്വാഷ് കോര്‍ട്ട്, കൊല്ലം ഹോക്കി സ്റ്റേഡിയം എന്നിവയുടെ പരിപാലന ചുമതല സംസ്ഥാന പോലീസ് മേധാവിയില്‍ താത്ക്കാലികമായി നിക്ഷിപ്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 31 വരെ നടക്കുന്ന ഷൂട്ടിംഗ് മത്സരങ്ങള്‍ക്ക് ഈ ഷൂട്ടിംഗ് റേഞ്ചില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ഏര്‍പ്പെടുത്തും. തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പരിപാലനച്ചുമതല കായിക യുവജനകാര്യ ഡയറക്ടര്‍ നിര്‍വഹിക്കും. കൂടാതെ ഈ സ്റ്റേഡിയം വരുമാനസ്രോതസായി ഉപയോഗിക്കാനുതകുന്ന രീതിയില്‍ ഒരു ചട്ടക്കൂട് സര്‍ക്കാര്‍ അംഗീകരിക്കുന്ന മുറയ്ക്ക് നടപ്പാക്കാനും ഡയറക്ടറെ ചുമതലപ്പെടുത്തി. കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം, തിരുവനന്തപുരം പിരപ്പന്‍കോട് ഡോ.അംബേദ്കര്‍ നീന്തല്‍ക്കുളം, ആറ്റിങ്ങല്‍ ശ്രീപാദം ഇന്‍ഡോര്‍ സ്റ്റേഡിയം, കോഴിക്കോട് വി.കെ.കെ.മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളുടെ പരിപാലനച്ചുമതല സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിക്ഷിപ്തമാക്കിയിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം, തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയം, കൊല്ലം കോര്‍പ്പറേഷന്‍ സ്റ്റേഡിയം, കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഡിയം, തൃശൂര്‍ വി.കെ.എന്‍.മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവ ഏറ്റെടുത്ത് അടുത്ത രണ്ട് മാസത്തേയ്ക്ക് (മാര്‍ച്ച് 31 വരെ) പരിപാലിക്കാന്‍ അതത് ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി. സിന്തറ്റിക് പ്രതലങ്ങളും പുല്‍ത്തകിടിയും പരിപാലിക്കുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശവും ആവശ്യമായ ധനസഹായവും സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കും. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കോര്‍പ്പറേഷനുകളുടെ അധീനതയിലുള്ള കോഴിക്കോട്, തൃശൂര്‍, കൊല്ലം സ്റ്റേഡിയങ്ങളുടെ സമയബന്ധിത അറ്റകുറ്റപ്പണികളും ആവര്‍ത്തനച്ചെലവുകളും പരിപാലനച്ചെലവുകളും നിര്‍വഹിക്കുന്നതിനും വരുമാന സ്രോതസുകള്‍ കണ്ടെത്തുന്നതിനും അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്ത് വിശദമായ ഒരു പദ്ധതി നിര്‍ദ്ദേശം സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സമര്‍പ്പിക്കണം. കൊല്ലം ഹോക്കി സ്റ്റേഡിയം, കുമാരപുരം ടെന്നിസ് സ്റ്റേഡിയം എന്നിവയുടെ പരിപാലന ചുമതലയ്ക്കാവശ്യമായ മാര്‍ഗനിര്‍ദ്ദേശവും മേല്‍നോട്ടവും കായികയുവജനകാര്യ ഡയറക്ടര്‍ നല്‍കും. ഗയിംസ് വില്ലേജിലെ സാധന സാമഗ്രികള്‍ പുനരുപയോഗിക്കുന്ന രീതിയില്‍ പരസ്യലേലം നടത്തി നാഷണല്‍ ഗയിംസ് സെക്രട്ടേറിയറ്റിന്റെ ഫണ്ടിലേക്ക് മുതല്‍ക്കൂട്ടുന്ന പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ ഗയിംസ് വില്ലേജിന്റെ സുരക്ഷാചുമതല സി.ആര്‍.പി.എഫിനെ ഏല്‍പ്പിക്കും. ഗയിംസ് വില്ലേജിലെ സുരക്ഷാസംവിധാനം മാര്‍ച്ച് 31 വരെ തുടരുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post