തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം മാര്‍ച്ച് ആറിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. ആറിന് രാവിലെ ഒന്‍പത് മണിക്കാണ് ഗവര്‍ണറുടെ പ്രസംഗം. ഏപ്രില്‍ ഒന്‍പത് വരെ 23 ദിവസമാണ് സഭ സമ്മേളിക്കുന്നത്. മാര്‍ച്ച് ഒന്‍പത്, പത്ത്, പതിനൊന്ന് തീയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച നടക്കും. പത്തിന് 2014-15 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളുടെ സ്റ്റേറ്റ്‌മെന്റ് മേശപ്പുറത്തുവെക്കും.
12 ന് 2014-15 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പുമാണ്. 13 ന് രാവിലെ ഒന്‍പത് മണിക്ക് 2015-16 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റിന്റെയും വോട്ട് ഓണ്‍ അക്കൗണ്ടിന്റെയും അവതരണം. 16, 17, 18 തീയതികളില്‍ ബഡ്ജറ്റിനെക്കുറിച്ച് പൊതുചര്‍ച്ച നടക്കും. 19 ന് 2014-15 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്‍ പരിഗണിക്കും. 23 ന് വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. 24 ന് 2015-ലെ ധനവിനിയോഗ (വോട്ട് ഓണ്‍ അക്കൗണ്ട്) ബില്‍ പരിഗണനയ്‌ക്കെടുക്കും. 11 ദിവസം നിയമനിര്‍മ്മാണ കാര്യത്തിനായി നീക്കിവെച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ പരിഗണനക്കെടുക്കുന്ന ബില്ലുകള്‍ സംബന്ധിച്ച തീരുമാനം കാര്യോപദേശക സമിതി യോഗം ചേര്‍ന്ന് കൈക്കൊള്ളും. രണ്ട് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായും നീക്കിവെച്ചിട്ടുണ്ട്.
Discussion about this post