തിരുവനന്തപുരം: അതിവേഗ പാട്ടുകള്‍ക്കും ദൃശ്യങ്ങള്‍ക്കും വേണ്ടി ടി.വി. ക്കും കമ്പ്യൂട്ടറിനും മുന്നില്‍ ചടഞ്ഞുകൂടി പോവുന്ന പുതിയ തലമുറയെ വായനയിലേക്ക് മടക്കിക്കൊണ്ടു വരേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. പി.എന്‍.പണിക്കറുടെ 106-ാമത് ജന്‍മദിനാഘോഷം കനകക്കുന്ന് കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനയിലൂടെ അറിവ് നേടാന്‍ പഠിപ്പിച്ച പി.എന്‍.പണിക്കരുടെ സ്മരണ നിലനിര്‍ത്തികൊണ്ട് സാങ്കേതിവിദ്യയിലൂടെ ഈ ആശയം പ്രചരിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.എന്‍.പണിക്കറുടെ പേരിലുളള വിവിധ പുരസ്‌കാരങ്ങളും ഗവര്‍ണര്‍ സമ്മാനിച്ചു. സാഹിത്യത്തിനുളള പുരസ്‌ക്കാരം ഡോ.ജോര്‍ജ് ഓണക്കൂറിനും, മാധ്യമപ്രവര്‍ത്തനത്തിന് എം.ജി.രാധാകൃഷ്ണനും ഗ്രന്ഥശാല പ്രവര്‍ത്തനത്തിന് നെല്ലിമൂട് ശ്രീധരനും പഞ്ചായത്ത് കേന്ദ്രീകരിച്ചുളള പ്രവര്‍ത്തനത്തിന് വട്ടപ്പാറ ജയകുമാറിനും ഇ-സാക്ഷരതാ പ്രവര്‍ത്തനത്തിന് കെ.രാജേഷിനും പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. പാലോട് രവി എം.എല്‍.എ. അധ്യക്ഷനായി. നര്‍മ്മദ കണ്‍ട്രോള്‍ അതോറിറ്റി അംഗം ഡോ.അഫ്രോസ് അഹമ്മദ്, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ്‌ചെയര്‍മാന്‍ ടി.പി.ശ്രീനിവാസന്‍, മുന്‍മന്ത്രി എം.വിജയകുമാര്‍, പി.എന്‍.പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്ര വൈസ് ചെയര്‍മാന്‍ എന്‍.ബാലഗോപാല്‍, ചെയര്‍മാന്‍ ക്യാപ്റ്റന്‍ രാജീവ് നായര്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post