തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വ്വകലാശാലയുടെ തുറവൂരിലെ പ്രാദേശികകേന്ദ്രത്തിനു വേണ്ടി സ്ഥലം ഏറ്റെടുക്കും. ഇതിനായി എ.എം. ആരിഫ് എം.എല്‍.എ.യുടെ ആസ്തി വികസ ഫണ്ടില്‍ നിന്ന് പണം നല്‍കും. എം.എല്‍.എ.യും ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറും പ്രദേശികസമിതി അംഗങ്ങളും സ്ഥലം സന്ദര്‍ശിച്ച് തുടര്‍തീരുമാനം എടുക്കും.
ആറ് ഏക്കര്‍ സ്ഥലം വാങ്ങാനാണ് സര്‍വ്വകലാശാലയുടെ തീരുമാനമെന്ന് ഇതുമായി ബന്ധപ്പെട്ട് കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത വൈസ് ചാന്‍സ്ലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍ പറഞ്ഞു. അക്കാദമിക് ബ്ളോക്ക്, ലൈബ്രറി, ഹോസ്റ്റല്‍, ഗ്രൗണ്ട് തുടങ്ങി വിപുലമായ സൗകര്യങ്ങളോടെയായിരിക്കും സെന്ററിന്റെ പുതിയ കാമ്പസ്. പ്രാദേശികകേന്ദ്രമെന്നതിലുപരി വിദ്യാര്‍ത്ഥികള്‍ക്കായി മികച്ച സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് ഇവിടെ ഉന്നതവിദ്യാഭ്യാസം നല്‍കാനും കാലക്രമേണ ഗവേഷണകേന്ദ്രമാക്കി മാറ്റാനും കഴിയും. സെന്റര്‍ നിര്‍മ്മിക്കാായി കേന്ദ്ര- സംസ്ഥാനഫണ്ടുകള്‍ കൂടാതെ യു.ജി.സി. ഫണ്ടും വിനിയോഗിക്കും. നിലവില്‍ സര്‍വ്വകലാശാലയുടെ സബ് സെന്റര്‍ തുറവൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിന്റെ കെട്ടിടത്തില്‍ 1997 മുതല്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍, എം.എസ്.ഡബ്ളിയു. കോഴ്സും ഹിന്ദി, മലയാളം വിഷയങ്ങളില്‍ പി.ജി. കോഴ്സുകളുമാണു നടത്തുന്നത്. തീരദേശത്തെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമാണ് കേന്ദ്രം. ഈ മേഖലയില്‍ നിന്ന് ഒട്ടേറെ കുട്ടികള്‍ ഇവിടെ വന്ന് പഠിക്കുന്നുണ്ട്.
ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.എം. ആരിഫ് എം.എല്‍.എ, സര്‍വ്വകലാശാലാ വൈസ് ചാന്‍സ്ലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ആര്‍. സന്തോഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ആര്‍. പ്രമോദ് കുമാര്‍, തുറവൂര്‍ മഹാദേവക്ഷേത്ര ഭക്തജസമിതി പ്രസിഡന്റ് ടി.ജി. പത്മാഭന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post