തിരുവനന്തപുരം: സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഇനി സ്മരണകളില്‍. കഴിഞ്ഞ ദിവസം അന്തരിച്ച ജി. കാര്‍ത്തികേയന്റെ ഭൗതികശരീരം ശാന്തികവാടത്തിലെ വൈദ്യുതി ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ശാസ്തമംഗലം ശ്രീരംഗം ലെയ്‌നിലെ സ്വവസതിയായ അഭയത്തില്‍നിന്ന് വൈകുന്നേരം ആറരയോടെ വിലാപയാത്രയായി കൊണ്ടുവന്ന ഭൗതികശരീരം ശാന്തികവാടത്തിലെ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ആചാരപരമായ ചടങ്ങുകള്‍ക്കായി വച്ചു.
തുടര്‍ന്ന് ദേശീയ പതാക പുതപ്പിച്ചു.ആദരസൂചകരമായി പോലീസ് ആചാരവെടി മുഴക്കുകയും ലാസ്റ്റ്‌പോസ്റ്റ് ആലപിക്കുകയും ചെയ്തു. മക്കളായ ശബരിനാഥന്‍, അനന്തപത്മനാഭന്‍ എന്നിവര്‍ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു. ശേഷം ഏഴര മണിയോടെ മൃതദേഹം വൈദ്യുതി ശ്മശാനത്തിലേക്കെടുത്തു. ആര്യനാട്ടെ പൊതുദര്‍ശനത്തിനുശേഷം ഭൗതികശരീരം വസതിയിലേക്ക് എത്തിക്കുമ്പോള്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, രാഷ്ട്രീയസാമൂഹിക പ്രവര്‍ത്തര്‍, മാധ്യമപ്രവര്‍ത്തകര്‍, തുടങ്ങി ആയിരക്കണക്കണക്കിന് പേര്‍ അവിടെ എത്തിക്കഴിഞ്ഞിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, ഡപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍, മേയര്‍ അഡ്വ.കെ.ചന്ദ്രിക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസ്സല്‍, മുന്‍ സ്പീക്കര്‍മാരായ വി.എം.സുധീരന്‍, എം.വിജയകുമാര്‍, കെ.രാധാകൃഷ്ണന്‍, മുന്‍ മന്ത്രിമാര്‍, മുന്‍ കേന്ദ്രമന്ത്രിമാരായ വീരപ്പമൊയ്‌ലി, മുകുള്‍ വാസ്‌നിക്, മുന്‍ ഗവര്‍ണര്‍ എം.എം.ജേക്കബ്,മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഉപദേഷ്ടാവ് ടി.കെ.എ.നായര്‍, വിവിധ കക്ഷിനേതാക്കള്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിവിധ മാധ്യമ സ്ഥാപനങ്ങളിലെ മേധാവികള്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
Discussion about this post