ശബരിമല: മകരവിളക്കിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ശബരിമല സന്നിധാനം തീര്‍ഥാടകരെ കൊണ്ടു നിറഞ്ഞു. തിരക്കു കാരണം പലരെയും പമ്പയില്‍ വളരെയേറെ നേരം തടഞ്ഞു നിര്‍ത്തിയ ശേഷമാണു സന്നിധാനത്തേക്കു കടത്തിവിടുന്നത്. വാഹനങ്ങള്‍ക്കു വ്യാപകമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മകരജ്യോതി ദര്‍ശനത്തിനായി അന്യസംസ്‌ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ പതിനായിരക്കണക്കിന് തീര്‍ഥാടകരാണ് സന്നിധാനത്ത് എത്തിയിട്ടുളളത്.
പേട്ടതുള്ളല്‍ കഴിഞ്ഞതോടെ ബുധനാഴ്‌ച എരുമേലിയില്‍നിന്ന് ഭക്തര്‍ ഒഴുകിവന്നു. രാവിലെമുതല്‍ ഇടതടവില്ലാതെയായിരുന്നു, പ്രവാഹം. അപ്പാച്ചിമേട് വരെ ക്യൂ നീണ്ടു. വിരിപ്പന്തലിനു കിഴക്കുവശത്തുള്ള ബാരിക്കേഡുകള്‍ക്കുമുന്നില്‍ തീര്‍ഥാടകര്‍ മണിക്കൂറുകളോളം കാത്തുനിന്നു. മകരവിളക്കിന് നട തുറന്നതിനുശേഷം നെയ്യഭിഷേകത്തിന് ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ടതും ബുധനാഴ്‌ചയായിരുന്നു.
ബുധനാഴ്‌ച പുലര്‍ച്ചെ രണ്ടുമണിയോടെ ളാഹമുതല്‍ തീര്‍ഥാടകരുടെ വാഹനങ്ങള്‍ പോലീസ് തടഞ്ഞു. രാവിലെ ഏഴുമണിയോടെ നീക്കിയ നിയന്ത്രണം ഉച്ചയ്‌ക്ക് ഒരുമണിയോടെ വീണ്ടും ഏര്‍പ്പെടുത്തി. പമ്പയില്‍നിന്ന് മല ചവിട്ടാനും അനുവദിച്ചില്ല. സന്നിധാനത്ത് കാല്‍കുത്താനിടമില്ലാത്തവിധം അയ്യപ്പന്മാര്‍ വിരിവച്ചുകഴിഞ്ഞു. ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലെല്ലാം ജ്യോതിദ്ദര്‍ശനം കാത്തുകഴിയുന്നവര്‍ താവളമുറപ്പിച്ചിട്ടുണ്ട്.
തീര്‍ഥാടനകാലത്തെ അശുദ്ധികളകറ്റാനുള്ള കര്‍മ്മങ്ങള്‍ ബുധനാഴ്‌ച തുടങ്ങി. ദീപാരാധനയ്‌ക്കുശേഷം തന്ത്രി കണ്‌ഠര് രാജീവരുടേയും മേല്‍ശാന്തി ഏഴിക്കോട് ശശിനമ്പൂതിരിയുടേയും കാര്‍മികത്വത്തില്‍ പ്രാസാദശുദ്ധിക്രിയകള്‍ നടന്നു.
തിരക്ക് വീണ്ടും വര്‍ധിച്ചാല്‍ കോട്ടയം, ഇടുക്കി ജില്ലകളിലും വാഹനങ്ങള്‍ തടയും. കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെ എല്ലാ വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. മകരവിളക്ക് ദിവസമായ നാളെ രണ്ടു മുതല്‍ പമ്പയിലേക്ക് ഒരു വാഹനവും കടത്തിവിടില്ല. മകരജ്യോതി ദര്‍ശനം കഴിഞ്ഞ് പമ്പയിലെ തിരക്ക് കുറയും വരെ പമ്പ- നിലയ്‌ക്കല്‍ റൂട്ടില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ മാത്രമാണ് അനുവദിച്ചിട്ടുളളത്.
Discussion about this post