ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സിബിഐ പ്രതി ചേര്‍ത്തു. കേസില്‍ അദ്ദേഹം നേരിട്ടു ഹാജരാകണമെന്നും സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടു. ഏപ്രില്‍ എട്ടിനു ഹാജരാകാനാണു കോടതി ഉത്തരവ്. വ്യവസായി കുമാരമംഗലം ബിര്‍ള, മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി.പരേഖ് എന്നിവരോടും ഹാജരാകാന്‍ കോടതി ഉത്തരവായിട്ടുണ്ട്. മൂവരെയും കേസില്‍ വിചാരണ ചെയ്യണമെന്നാണു കോടതി ഉത്തരവില്‍ പറയുന്നത്.
കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ജനുവരിയില്‍ സിബിഐ മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്തിരുന്നു. 2009ല്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ കല്‍ക്കരി വകുപ്പിന്റെ അധിക ചുമതലകൂടി വഹിച്ചിരുന്നു. ഇക്കാലയളവില്‍ ഹിന്‍ഡാല്‍കോ ഗ്രൂപ്പിനു കല്‍ക്കരിപ്പാടം വിതരണം ചെയ്തതില്‍ ക്രമക്കേടുണ്‌ടെന്നായിരുന്നതായി ആരോപണമുണ്ട്. 1.86 ലക്ഷം കോടിയുടെ അഴിമതി നടന്നുവെന്നു സിഐജിയും കണ്‌ടെത്തിയിരുന്നു.
തുടര്‍ന്നാണു സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. സിബിഐ സമര്‍പ്പിച്ച ആദ്യ റിപ്പോര്‍ട്ടില്‍ മന്‍മോഹന്‍ സിംഗിനെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ കോടതി ഈ റിപ്പോര്‍ട്ടു തളളുകയും വിശദമായ അന്വേഷണം നടത്താന്‍ സിബിഐയോട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നു മന്‍മോഹന്‍ സിംഗിന്റെ ഓഫീസ് സെക്രട്ടറിമാരടക്കമുള്ളവരെ ചോദ്യം ചെയ്ത ശേഷമാണു പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിലാണു മന്‍മോഹന്‍ സിംഗിനെ പ്രതിചേര്‍ത്തത്.
കേസില്‍ മന്‍മോഹന്‍ സിംഗിനെ പ്രതിചേര്‍ത്തതോടെ കോണ്‍ഗ്രസ് കടുത്ത പ്രതിരോധത്തിലാവും. കേസ് നിയമപരമായി നേരിടുമെന്നും മന്‍മോഹന്‍ സിംഗ് സത്യസന്ധനായ പ്രധാനമന്ത്രിയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.













