തിരുവനന്തപുരം: പ്രതിപക്ഷ നീക്കങ്ങളെ പരാജയപ്പെടുത്തി ധനമന്ത്രി കെ.എം.മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചു. വാച്ച് ആന്റ് വാര്‍ഡിന്റെയും ഭരണപക്ഷാംഗങ്ങളുടെയും വലയത്തിന് നടുവില്‍ നിന്ന് മാണി ബജറ്റിന്റെ ആദ്യ ഭാഗങ്ങള്‍ വായിച്ചു. തുടര്‍ന്ന് ബജറ്റ് സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നുവെന്ന് പ്രഖ്യാപിച്ച് മാണി ഇരിപ്പിടത്തില്‍ ഇരുന്നു.
ചരിത്രത്തില്‍ കണ്ടിട്ടില്ലാത്ത കോലാഹലങ്ങള്‍ക്കാണ് നിയമസഭ ഇന്നു വേദിയായത്. മാണി സഭയില്‍ സ്പീക്കറുടെ ഡയസിലൂടെ പ്രവേശിക്കുമെന്ന് കരുതി എല്‍ഡിഎഫ് അംഗങ്ങള്‍ ഇവിടം ഉപരോധിച്ചു. എന്നാല്‍ പിന്‍വാതിലിലൂടെ അകത്ത് കടന്ന മാണിക്ക് കനത്ത സുരക്ഷ ഒരുക്കി ഭരണപക്ഷ അംഗങ്ങളും വാച്ച് ആന്റ് വാര്‍ഡും നിലനിന്നു. ഇതോടെ ക്ഷുഭിതരായ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ചേംബര്‍ അടിച്ചുതകര്‍ത്തു. കംപ്യൂട്ടറുകളും സ്പീക്കറുടെ കസേരയും എടുത്തെറിഞ്ഞു. വി,ശിവന്‍കുട്ടി സ്പീക്കറുടെ മേശയില്‍ കയറി നിന്ന് മുദ്രാവാക്യം വിളിച്ചു. വാച്ച് ആന്റ് വാര്‍ഡുമായി കൈയേറ്റവും ഉന്തും തള്ളും ഉണ്ടായി. ചില ഭരണപക്ഷ അംഗങ്ങളും പ്രതിപക്ഷത്തെ നേരിടാന്‍ മുന്നിട്ടിറങ്ങി.
പ്രതിഷേധം ശക്തമായതോടെ വനിത എംഎല്‍എമാരെ മുന്‍നിര്‍ത്തി വാച്ച് ആന്റ് വാര്‍ഡിനെ മാറ്റാന്‍ പ്രതിപക്ഷം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സംഘര്‍ഷത്തിനിടെ ചിലരെല്ലാം നിലത്തുവീണു. ഗീത ഗോപി എംഎല്‍എയെ വാച്ച് ആന്റ് വാര്‍ഡ് കൈയേറ്റം ചെയ്തുവെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പ്രതിഷേധത്തിനിടെ ഡയസിലെത്തിയ സ്പീക്കര്‍ മൈക്കില്ലാതെ തന്നെ ധനമന്ത്രിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി നല്കി. തുടര്‍ന്നാണ് മാണി ബജറ്റ് പ്രസംഗം വായിച്ചു തുടങ്ങിയത്. ആമുഖം വായിച്ച് അദ്ദേഹം ബജറ്റ് സഭയ്ക്ക് സമര്‍പ്പിച്ചു. പിന്നാലെ ഭരണപക്ഷ അംഗങ്ങള്‍ സഭയില്‍ ലഡു വിതരണം നടത്തി മുദ്രാവാക്യം മുഴക്കി.
പ്രതിഷേധ സമരത്തിനിടെ എംഎല്‍എമാരായ വി.ശിവന്‍കുട്ടിക്കും കെ.അജിത്തിനും ദേഹാസ്വാസ്ഥ്യം ഉണ്ടായി. സമരത്തിന് നേതൃത്വം നല്‍കിയ ശിവന്‍കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. പ്രതിപക്ഷാംഗങ്ങള്‍ ഇദ്ദേഹത്തെ എടുത്ത് സഭയിലെ മേശപ്പുറത്ത് കിടത്തിയിരിക്കുകയാണ്. കെ.അജിത്തിനും ദേഹാസ്വാസ്ഥ്യം ഉണ്ടായി. പ്രതിഷേധ സമരത്തിനിടെ ഭരണപക്ഷാംഗങ്ങളുടെ ഉന്തിലും തള്ളിലും വനിതാ അംഗങ്ങള്‍ക്ക് പരിക്കേറ്റതായി പ്രതിപക്ഷം ആരോപിച്ചു. മൂന്ന് വനിതാ അംഗങ്ങള്‍ക്കാണ് പരിക്കേറ്റിട്ടുണ്ട്.
Discussion about this post