തിരുവനന്തപുരം: വയനാട്ടിലെ 13 ആദിവാസി കോളനികളില്‍ ബാധിച്ച കുരങ്ങുപനി പ്രതിരോധിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കൂടുതല്‍ സ്റ്റാഫിനെ നിയോഗിച്ച് ചികിത്സാസൗകര്യങ്ങള്‍ വിപുലമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍, റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, പട്ടികവര്‍ഗക്ഷേമവകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തില്‍ സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനതല-ജില്ലാതല സമിതികള്‍ രൂപീകരിച്ച് കുരങ്ങുപനി നിയന്ത്രണത്തില്‍ ആരോഗ്യം, വനം, മൃഗസംരക്ഷണം, പട്ടികവര്‍ഗം, പഞ്ചായത്ത് വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തും. രോഗബാധിതരടങ്ങുന്ന കുടുംബങ്ങള്‍ക്കും ഉപജീവനത്തിനായി വനത്തില്‍ പോകുന്നതിന് തടസ്സം നേരിട്ട കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ ലഭ്യമാക്കും. രോഗം ബാധിച്ച് മരിച്ച പട്ടികവിഭാഗക്കാരുടെ ആശ്രിതര്‍ക്ക് പട്ടികവര്‍ഗ വകുപ്പില്‍ നിന്നും മറ്റുള്ളവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതം ലഭ്യമാക്കും. രോഗബാധിതര്‍ക്കെല്ലാം 10,000 രൂപ വീതം നല്‍കും. കോളനി നിവാസികള്‍ക്കും രോഗപ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും പ്രതിരോധ വാക്‌സിനുകള്‍ ആവശ്യനാനുസരണം ലഭ്യമാക്കി വരികയാണ്. ഇതിനകം 979 പേര്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. 8,000 ഡോസ് വാക്‌സിന്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. വ്യക്തിഗത പ്രതിരോധ സാമഗ്രികളും ആവശ്യാനുസരണം ലഭ്യമാക്കിയിട്ടുണ്ട്. കുരങ്ങുകളില്‍ രോഗനിരീക്ഷണം ശക്തമാണ്. മറ്റു മൃഗങ്ങളിലേയ്ക്കുള്ള രോഗവ്യാപനം തടയാന്‍ മൃഗസംരക്ഷണവകുപ്പും ഊര്‍ജ്ജിതമായ പ്രവര്‍ത്തനം നടത്തിവരികയാണ്. വയനാട്ടിലെ പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി, മുള്ളന്‍കൊല്ലി, പൂതാടി, നൂല്‍പ്പുഴ പഞ്ചായത്തുകളിലെ 13 കോളനികളിലാണ് രോഗബാധ ഉണ്ടായിട്ടുള്ളത്. ജനുവരി മുതല്‍ 127 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 50 പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. ഏഴു പേര്‍ മരിച്ചു. ഇപ്പോള്‍ വിവിധ ആശുപത്രികളിലായി 20 പേരാണ് ചികിത്സയിലുള്ളത്. യോഗത്തില്‍ മന്ത്രിമാര്‍ക്ക് പുറമേ എം.എല്‍.എമാരായ ശ്രേയാംസ് കുമാര്‍, ഐ.സി.ബാലകൃഷ്ണന്‍, എം.എ.ഷാനവാസ് എം.പി., ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.കെ.ഇളങ്കോവന്‍, പട്ടികവര്‍ഗ ക്ഷേമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുബ്രതോ ബിശ്വാസ്, എന്‍.ആര്‍.എച്ച്.എം.ഡയറക്ടര്‍ മിന്‍ഹാജ് ആലം, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.പി.കെ.ജമീല, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.വി.ഗീത, വയനാട് എ.ഡി.എം ഗംഗാധരന്‍, സംസ്ഥാന-ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post