* പുതിയ സര്‍വീസുകളില്‍ കെ.എസ്.ആര്‍.ടി.സിക്ക് മുന്‍ഗണന
തിരുവനന്തപുരം: നഗരത്തില്‍ കൂടുതല്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ വിശദ പഠനത്തിന് ശേഷം മാത്രം അനുവദിക്കാന്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ തീരുമാനം. ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു യോഗം. നാട്പാക്കിന്റെ നേതൃത്വത്തില്‍ എഞ്ചിനീയറിംഗ് കോളേജുകളിലെ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗങ്ങളുടെ സഹകരണത്തോടെ യാത്രക്കാരുടെ ആവശ്യങ്ങളും കൂടുതല്‍ ബസുകളുടെ ആവശ്യകതയും സംബന്ധിച്ച് പഠനം നടത്തി മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. ഇതുപരിഗണിച്ച് ആവശ്യമുള്ള റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസ് ആരംഭിക്കും.
എന്നാല്‍, പുതിയ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സിക്കായിരിക്കും മുന്‍ഗണന. കെ.എസ്.ആര്‍.ടി.സിക്ക് സര്‍വീസ് നടത്താന്‍ കഴിയാത്ത റൂട്ടുകളില്‍ സ്വകാര്യബസുകള്‍ക്ക് പുതിയ പെര്‍മിറ്റ് അനുവദിക്കും. റൂട്ട് മാറ്റത്തിനായി സ്വകാര്യബസുകള്‍ നല്‍കിയ അപേക്ഷകള്‍ കെ.എസ്.ആര്‍.ടി.സി, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ അഭിപ്രായമറിഞ്ഞശേഷം പരിഗണിക്കാന്‍ യോഗം തീരുമാനിച്ചു. ഈ അപേക്ഷകള്‍ കളക്ടറേറ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ആക്ഷേപവും അഭിപ്രായങ്ങളും 15 ദിവസത്തിനുള്ളില്‍ അതത് ആര്‍.ടി.ഒ മാരെ അറിയിക്കാവുന്നതാണ്. അതുകൂടി പരിഗണിച്ചശേഷമായിരിക്കും തീരുമാനം. എല്ലാ സ്ഥലങ്ങളിലും സ്വകാര്യബസുകള്‍ അവസാനിക്കുന്ന പോയിന്റില്‍ എത്തിച്ചേരുന്നതും പോകുന്നതുമായ സമയം രേഖപ്പെടുത്തണം. ഇത് അധികൃതരും റെസിഡന്റ് അസോസിയേഷനുകളും ഉള്‍പ്പെടെയുള്ളവര്‍ പരിശോധിക്കും. നിര്‍ദേശം ലംഘിക്കുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടി വരും.
കുടപ്പനക്കുന്നില്‍ യാത്ര അവസാനിപ്പിക്കുന്ന എല്ലാ സ്വകാര്യബസുകളും സിവില്‍ സ്‌റ്റേഷന്‍ വരെ നീട്ടാനും തീരുമാനമായി. നിലവില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സിവില്‍ സ്‌റ്റേഷന്‍ വരെ സര്‍വീസ് നടത്തുന്നുണ്ട്. ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുകള്‍ക്കും പെര്‍മിറ്റ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന കോണ്‍ട്രാക്ട് കാരിയേഴ്‌സിനുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. പിടിക്കപ്പെട്ടാല്‍ പെര്‍മിറ്റ് റദ്ദാക്കല്‍ ഉള്‍പെടെ നടപടികളെടുക്കും. സമാന്തര വാഹനങ്ങള്‍ സര്‍വീസുകള്‍ ഏതെങ്കിലും സ്ഥലങ്ങളില്‍ അനധികൃത സ്റ്റാന്‍ഡ് സജ്ജീകരിച്ച് സര്‍വീസ് നടത്തുന്നുണ്ടെങ്കില്‍ ഉടനടി മാറ്റാന്‍ എല്ലാ പോലീസ് സ്‌റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു.
അടുത്ത ആര്‍.ടി.എ യോഗം ഏപ്രില്‍ ആറിന് ചേരും. യോഗത്തില്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്‍.കെ. രവീന്ദ്രനാഥന്‍, തിരുവനന്തപുരം-ആറ്റിങ്ങല്‍ ആര്‍.ടി.ഒമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post