തിരുവനന്തപുരം: രാജ്യത്ത് ഇനി മുതല്‍ വിദേശത്തേയ്ക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഒ.ഡി.ഇ.പി.സി., നോര്‍ക്ക വഴി മാത്രമേ നടത്താവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് മേഖലയില്‍ വ്യാപകമായ ചൂഷണം നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്ര പ്രവാസികാര്യവകുപ്പ് ഇത്തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ഇനി മുതല്‍ രാജ്യത്ത് നിന്ന് നേഴ്‌സിംഗ് മേഖലയില്‍ ഏതെങ്കിലും തലത്തിലുള്ള റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഒ.ഡി.ഇ.പി.സി. വഴിയോ, നോര്‍ക്ക വഴിയോ മാത്രം ആയിരിക്കും. 2015 ഏപ്രില്‍ 30 മുതല്‍ ഈ ഉത്തരവ് നിലവില്‍ വരും. സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സികളുടെ ചൂഷണത്തില്‍നിന്നും തൊഴില്‍ അന്വേഷകരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കുന്നത്. വിദേശ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനും നിശ്ചിത യോഗ്യത കരസ്ഥമാക്കിയിട്ടുള്ള തൊഴില്‍ അന്വേഷകര്‍ക്ക് തൊഴില്‍ നേടികൊടുക്കുന്നതിനും വേണ്ടി തൊഴില്‍വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഒ.ഡി.ഇ.പി.സി. കുവൈറ്റ് പോലുള്ള രാജ്യങ്ങളിലേയ്ക്ക് സ്വകാര്യ ഏജന്‍സികള്‍ മുഖാന്തിരം നടന്ന റിക്രൂട്ട്‌മെന്റില്‍ വ്യാപകമായി തൊഴില്‍ ചൂഷണം നടന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരുമായി നടത്തിയ കൂടിയാലോചനകളുടെ ഫലമായാണ് കേന്ദ്ര പ്രവാസികാര്യവകുപ്പ് ഇത്തരത്തിലുള്ള ഒരു തീരുമാനം കൈക്കൊണ്ടത്.
Discussion about this post