തിരുവനന്തപുരം: കുടുംബശ്രീ ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുടുംബശ്രീയും തിരുവനന്തപുരം ദൂരദര്‍ശനും സംയുക്തമായി സംഘടിപ്പിക്കുന്ന ഇനി ഞങ്ങള്‍ പറയാം എന്ന ‘സോഷ്യല്‍ റിയാലിറ്റി ഷോ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 42 ലക്ഷം കുടുംബങ്ങളും രണ്ടര ലക്ഷത്തില്‍പ്പരം സ്വയം സഹായ സംഘങ്ങളും ഒരുമിച്ചു ചേരുന്ന ബൃഹത് പങ്കാളിത്തമാണ് കുടുംബശ്രീ.
കേരളത്തില്‍ വിവാദങ്ങള്‍ക്ക് മാത്രമാണ് ഇടം. അതില്‍ നിന്ന് മാറി സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളുടെയും അഭിമാനാര്‍ഹമായ നേട്ടങ്ങളുടെയും കഥകള്‍ ജനങ്ങളിലെത്തിക്കാന്‍ ദൂരദര്‍ശനിലൂടെയുളള കുടുംബശ്രീ റിയാലിറ്റി ഷോയ്‌യ്ക്ക് കഴിയും. മലയാളികള്‍ കേരളത്തിന് പുറത്ത് വന്‍ വിജയമാണ്. നാട്ടില്‍ ഇങ്ങനെ വിജയമെന്ന് പറയാവുന്നത് ചുരുക്കം ചിലത് മാത്രമാണ്. എന്നാല്‍ കുടുംബശ്രീ വഴി വളരെയേറെ വിജയഗാഥകള്‍, അത് ചെറുകിട സംരംഭങ്ങള്‍ ആയാലും പുറത്തേക്ക് കൊണ്ടുവരാന്‍ പുതിയ പദ്ധതിയ്ക്കാകും. റിയാലിറ്റി ഷോകള്‍ക്കപ്പുറം കേരളത്തിന്റെ ആത്മവിശ്വാസം വളര്‍ത്തുന്ന വലിയ സംരംഭമാണ് കുടുംബശ്രീയുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശ്രയ സ്‌കീം കേരളത്തില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രാവര്‍ത്തികമാക്കിയത് കുടുംബശ്രീ വഴിയാണ്. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം അത്തരത്തില്‍ കേരളമാകെ എത്തിക്കാന്‍ കഴിഞ്ഞു. ആരും ആശ്രയിക്കാന്‍ ഇല്ലാത്ത രണ്ട് ശതമാനം കേരളീയരുണ്ട്. മൃഗങ്ങളെക്കാള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിയേണ്ടിവന്ന അവരെ സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ദത്തെടുക്കുകയായിരുന്നു. ഇവരെ കുടുംബശ്രീയാണ് സാധാരണ ജനങ്ങള്‍ ജീവിക്കുന്ന അവസ്ഥയിലെത്തിച്ചത്. ഇവിടെയാണ് കുടുംബശ്രീയുടെ പ്രസക്തി. അത് കേവലമൊരു സംഘടനയുടെ വിജയമോ വളര്‍ച്ചയോ മാത്രമല്ല. ജനാധിപത്യത്തിന്റെ അര്‍ത്ഥ പൂര്‍ത്തീകരണമാണ്. ജനാധിപത്യമെന്നത് വോട്ടവകാശം മാത്രമല്ലെന്നും എല്ലാവര്‍ക്കും ജീവിക്കാനുളള സാമാന്യമായ അവകാശം കൂടിയാണെന്നും കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നു. കുടുംബശ്രീയുടെ വളര്‍ച്ചയ്ക്ക് സാധ്യമായ എല്ലാ സാഹചര്യവും സര്‍ക്കാര്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മികച്ച ഗ്രൂപ്പായി തെരഞ്ഞെടുക്കപ്പെടുന്ന സി.ഡി.എസിന് ഒരു കോടി രൂപയും തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയത്തിന് 50 ലക്ഷം രൂപയും സമ്മാനമായി നല്‍കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം.കെ.മുനീര്‍ പറഞ്ഞു. മേയര്‍ കെ.ചന്ദ്രിക, മുന്‍ കേന്ദ്ര സഹമന്ത്രി ഒ.രാജഗോപാല്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ബി. വല്‍സല കുമാരി, ദൂരദര്‍ശന്‍കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ജി. സാജന്‍, ദൂരദര്‍ശന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ജനറല്‍ (എഞ്ചിനീയറിംഗ്) ആര്‍.കൃഷ്ണദാസ്, കുടുംബശ്രീ ഡയറക്ടര്‍ പി.ആര്‍. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡോ.കെ.പി.കണ്ണന്‍, ഡോ.നിവേദിതാ പി.ഹരന്‍, മിനി സുകുമാര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് സി.ഡി.എസുകളെ തിരഞ്ഞെടുക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ എല്ലാ ദിവസവും വൈകിട്ട് ഏഴ് മണിക്കും രാത്രി 11 മണിക്കും പിറ്റേന്ന് രാവിലെ എട്ട് മണിക്കുമാണ് സംപ്രേഷണം.
Discussion about this post