തിരുവനന്തപുരം: നാടകങ്ങള്‍ സാമൂഹ്യ പരിഷ്‌ക്കരണത്തിനുള്ള മാധ്യമങ്ങളാണെന്നും എന്നാല്‍ ആധുനീക കാലത്ത് അതിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും സാംസ്‌ക്കാരിക മന്ത്രി കെ.സി.ജോസഫ്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച നാടക ശില്‍പശാലയായ നാടികയുടെ സംസ്ഥാനതല ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു കാലത്ത് കേരളത്തിന്റെ സാമൂഹ്യ രംഗത്ത് വന്‍ കോളിളക്കമുണ്ടാക്കിയ നാടകങ്ങളും, നാടക കലാകാരന്‍മാരും നാടക സംഘങ്ങളുമുണ്ടായിരുന്നു. ബാലറ്റ് വഴി കേരളത്തില്‍ ആദ്യസര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നിലും കെപിഎസിയുടെ നാടകങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചെലുത്തിയ സ്വാധീനമുണ്ട്. അത്തരത്തില്‍ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് വന്‍ സ്വാധീനമുണ്ടാക്കിയ നാടകങ്ങള്‍ ഇന്ന് കഴിഞ്ഞകാല കഥയായി മാറിയിരിക്കുകയാണ്. ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം ഇന്ന് നാടകരംഗത്തിന്റെ പ്രാധാന്യം കുറച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നാടക കലാകാരന്‍മാര്‍ക്ക് സീരിയല്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന തുക പോലും ലഭ്യമാകുന്നില്ല. തുച്ഛമായ വരുമാനവുമായി ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന അവര്‍ നാടകത്തോടുള്ള അടങ്ങാത്ത ആവേശം മൂലമാണ് കലയ്ക്കായി ജീവിക്കാന്‍ തയാറാകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. യുവജനങ്ങളെ നാടക രംഗത്തേക്ക് കൊണ്ടു വരുന്നതിനും അവരെ പരിശീലിപ്പിക്കുന്നതിനും യുവജനക്ഷേമ ബോര്‍ഡ് കൈക്കൊണ്ടിരിക്കുന്ന നടപടികള്‍ സ്തുത്യര്‍ഹമാണ്. സര്‍ക്കാര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും മന്ത്രി പറഞ്ഞു. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്.പ്രശാന്ത് അധ്യക്ഷനായിരുന്നു. യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങള്‍, വിവിധ നാടക കലാകാരന്‍മാര്‍ മുതലായവര്‍ സംസാരിച്ചു. മുതിര്‍ന്ന നാടക പ്രവര്‍ത്തകരെ ചടങ്ങില്‍ സാംസ്‌ക്കാരിക മന്ത്രി ആദരിച്ചു. വിവിധ ജില്ലകളില്‍ നിന്നുമായി എത്തിയ നാടക സംഘങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് മാര്‍ച്ച് 27 വരെയാണ് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ശില്‍പശാലയുടെ സംഘടിപ്പിച്ചിരിക്കുന്നത്. നാടകാചാര്യന്‍മാരുടെ നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളിലായി നാടകാവതരണം വിലയിരുത്തല്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവ നടക്കും. ലോക നാടകദിനമായ മാര്‍ച്ച് 27-ന് വൈകുന്നേരം നാല് മണി മുതല്‍ മ്യൂസിയം റേഡിയോ ബാന്‍ഡ് സ്റ്റേഷനില്‍ നാടകദിന സന്ദേശസംഗമം നടക്കും. പരിപാടി കാവാലം നാരായണ പണിക്കര്‍ ഉദ്ഘാടനം ചെയ്യും.
Discussion about this post