തിരുവനന്തപുരം: കരമന-കളിയിക്കാവിള നാലുവരിപ്പാത വികസനപദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ തീരുമാനമായി. ഒന്നാംഘട്ടം പദ്ധതി നിര്‍വഹണത്തിനാവശ്യമായ 1 ലക്ഷം മെട്രിക് ക്യൂബ് മണ്ണ് ലഭ്യമാക്കുന്നതിന് പരിസ്ഥിതി ക്ലിയറന്‍സ് ഒഴിവാക്കി പ്രത്യേക അനുമതി നല്‍കുവാന്‍ യോഗം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
പദ്ധതി നിര്‍വഹണം മുടക്കം കൂടാതെ നടത്തുന്നതിന് പത്തനംതിട്ടയില്‍ നിന്നും എല്ലാ ദിവസവും 1000 മെട്രിക് ക്യൂബ് ക്രഷ്ഡ് മെറ്റല്‍ എത്തിക്കും. നേമം ഗവ.യു.പി. സ്‌കൂളിനെയും വിക്ടറി ഹയര്‍ സെക്കണ്ടറി സ്‌കൂളിനെയും പരസപരം ബന്ധിപ്പിച്ചുകൊണ്ട് ദേശീയ പാതയ്ക്ക് കുറുകെ അടിപ്പാത നിര്‍മ്മിക്കും. നേമത്തെ പൊതുമരാമത്ത് ഓഫീസ് സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റി അതില്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി പ്രവര്‍ത്തിപ്പിക്കും. പദ്ധതിപ്രദേശത്തെ വൈദ്യുതി ജലവിതരണ ലൈനുകള്‍ ഏപ്രില്‍ 30ന് മുമ്പ് മാറ്റി സ്ഥാപിക്കും. യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിന് 4.5 കോടി രൂപ അനുവദിക്കും. നേരത്തെ അനുവദിച്ച മൂന്ന് കോടി രൂപയ്ക്ക് പുറമെയാണിത്.
പ്രാവച്ചമ്പലം-വഴിമുക്ക് രണ്ടാം ഘട്ടം പദ്ധതി നിര്‍വഹണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി ഏപ്രില്‍ 17നും 18നും യോഗം ചേരും.
Discussion about this post