തിരുവനന്തപുരം: കൃത്യനിര്‍വഹണ സമയത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിലെ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം വിലക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 1960ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കും.
സര്‍ക്കാര്‍ ജീവനക്കാരുടെ ലഹരിപദാര്‍ത്ഥ ഉപയോഗിച്ചുകൊണ്ടുള്ള വാഹനം ഓടിക്കല്‍, ഓഫീസിലെ മോശമായ പെരുമാറ്റം തുടങ്ങിയവ ശ്രദ്ധയില്‍പ്പെടുകയോ, പരാതി ലഭിക്കുകയോ ചെയ്യുന്ന പക്ഷം മേലധികാരി ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. അത്തരക്കാരെ അടിയന്തരമായി സസ്‌പെന്റു ചെയ്ത് തുടര്‍നടപടി സ്വീകരിക്കേണ്ടതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ നിയമനാധികാരികള്‍/ വകുപ്പ് അധ്യക്ഷന്‍മാര്‍ക്കെതിരെ ഗുരുതരമായ കൃത്യവിലോപത്തിന് നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
Discussion about this post