തിരുവനന്തപുരം: യമനിലെ യുദ്ധത്തില്‍ കുടുങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ രക്ഷിക്കാന്‍ ഇന്ത്യ ഉടനേ രണ്ടു കപ്പല്‍ അയയ്ക്കുമെന്ന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു. യമനിലെ വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടിയ സാഹചര്യത്തില്‍ അയല്‍ രാജ്യമായ ജിബൗട്ടിയിലേക്ക് കപ്പലില്‍ ആളുകളെ എത്തിക്കാനാണു പരിപാടി. അവിടെ നിന്ന് വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും.
കപ്പല്‍ മാര്‍ഗം കൊണ്ടുവരാന്‍ കഴിയാത്തവരെ റോഡ് മാര്‍ഗം സൗദിയിലെത്തിച്ച് അവിടെ നിന്നും ഇന്ത്യയില്‍ കൊണ്ടുവരുമെന്നും വിദേശകാര്യമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. ആശുപത്രിയില്‍ ജോലി ചെയ്യുന്നവരുടെ പാസ്‌പോര്‍ട്ടും സര്‍ട്ടിഫിക്കറ്റും നല്കാതെ അവരുടെ യാത്രയ്ക്കു തടസം സൃഷ്ടിക്കുന്നതായി യമാനിലെ മലയാളി കുടുംബങ്ങള്‍ മുഖ്യമന്ത്രിയെ ഫോണില്‍ ധരിപ്പിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി യമനിലുള്ള ഇന്ത്യന്‍ അംബാസിഡറെ അറിയിച്ചു. യമന്‍ വിട്ടുപോരാന്‍ ആഗ്രഹിക്കുന്നവര്‍ ഉടനേ അവിടെയുള്ള ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
Discussion about this post