പറവൂര്‍: പ്ലാസ്റ്റിക് മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി നവബോധം 2014 എന്ന പദ്ധതി ആവിഷ്‌ക്കരിച്ച പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി പുതിയ പദ്ധതിക്ക് തുടക്കമിട്ടു. ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ എല്ലാ പഞ്ചായത്തുകളിലും കുടംബശ്രീ പ്രവര്‍ത്തകര്‍ വഴി തുണി സഞ്ചികള്‍ ഉപയോഗിക്കുകയാണ് പദ്ധതി ലക്ഷ്യമാക്കുന്നത്.
മണ്ണിനും ജല സ്രോതസ്സുകള്‍ക്കും ഏറെ ഹാനികരമാകുന്ന പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം ഒഴിവാക്കുകയാണ് ലക്ഷ്യം. ചെറിയ പഴ്‌സുകള്‍ പോലെ കൈയ്യില്‍ എപ്പോഴും കൊണ്ടു നടക്കാവുന്ന സഞ്ചികള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നിര്‍മ്മിക്കാനുള്ള പരിശീലനം നല്‍കി അവരിലൂടെ ആവശ്യക്കാരില്‍ എത്തിക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. ഒരു കിലോഗ്രാം മുതല്‍ പത്ത് കിലോഗ്രാം വരെ സാധനങ്ങള്‍ കൊണ്ടു നടക്കാവുന്ന ഇവ ഉപയോഗിക്കാത്ത പഴയ വസ്ത്രങ്ങള്‍ കൊണ്ട് വരെ തുന്നിയെടുക്കാവുന്നതാണ്. എറണാകുളം സെന്റ് തെരേസാസ് കോളജിലെ വുമണ്‍സ് സ്റ്റഡീസ് സെന്റര്‍ വഴിയാണ് പരിശീലനം ലഭ്യമാക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിനു കീഴിലും പഞ്ചായത്തിനു കീഴിലുമുള്ള എല്ലാ ജനപ്രതിനിധികളോടും, നിര്‍വഹണ ഉദ്യോഗസ്ഥരോടും തുണി സഞ്ചി ഉപയോഗിക്കണമെന്ന് ബ്ലോക്ക് പ്രസിഡന്റ് രമ ശിവശങ്കരന്‍ പറഞ്ഞു. എല്ലാവരും തുണി സഞ്ചി ഉപയോഗിക്കുന്നതോടെ നവബോധം പദ്ധതി കൂടുതല്‍ വിജയകരമാകുമെന്നും അവര്‍ പറഞ്ഞു.
ഉപയോഗ ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളിലൂടെ അന്തരീക്ഷവും, ജല സ്രോതസ്സുകളും മണ്ണും മലിനമാക്കപ്പെടുന്നത് നിയന്ത്രിക്കാന്‍ ഇത്തരം മാര്‍ഗങ്ങള്‍ അത്യന്താപേക്ഷിതമാണെന്നും അവര്‍ പറഞ്ഞു.
Discussion about this post