തിരുവനന്തപുരം: വനം വന്യജീവി വകുപ്പ് സംഘടിപ്പിക്കുന്ന കാനന സംഗമം 2015 ഏപ്രില്‍ 17-ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ തിരിതെളിയും. കേരളത്തില്‍ നിന്നുള്ളവരുടെ പുറമെ മറ്റു സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗങ്ങളും ആറ് ദിവസത്തെ സംഗമത്തില്‍ പങ്കെടുക്കും. വനാശ്രിത സമൂഹത്തിന്റെ ജീവനോപാധി, കല, സംസ്‌ക്കാരം, കരകൗശലം എന്നിവയോടൊപ്പം വനം മാനവരാശിക്കു നല്‍കുന്ന സേവനങ്ങളും ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കുന്ന ഒന്നായിരിക്കും ഈ മഹാമേള.
വനശ്രീ ഉല്‍പ്പന്നങ്ങളുടെ വിപണനം, വനവിഭവങ്ങളുടെ ഭക്ഷ്യമേള, കാട്ടുതേന്‍ മേള, പാരമ്പര്യ വൈദ്യന്മാരുടെ കൂട്ടായ്മ, ഗോത്രവര്‍ഗ്ഗക്കാരുടെ തനത് ജീവിതരീതി, കല, സംസ്‌ക്കാരം എന്നിവയുടെ പ്രദര്‍ശനവും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് കാനനയാത്രയുടെ അനുഭൂതി നല്‍കുന്ന വനവിസ്മയം മേളയുടെ മുഖ്യ ആകര്‍ഷണമായിരിക്കും. വനം, വന്യജീവികള്‍, വനവാസ ജീവിതം എന്നിവയെ തനിമയോടെ വനവിസ്മയത്തില്‍ അവതരിപ്പിക്കപ്പെടും. മേളയുടെ ഭാഗമായി കനകക്കുന്നില്‍ നടന്‍ ജയറാമിന്റെ നേതൃത്വത്തില്‍ പഞ്ചാരിമേളം അരങ്ങേറും. ആദിവാസികളെ പങ്കെടുപ്പിച്ച് സൂര്യ കൃഷ്ണമൂര്‍ത്തി അണിയിച്ചൊരുക്കുന്ന കലാസന്ധ്യ പുതിയ ഒരു അനുഭവമായിരിക്കും. ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ, കേരള ഫോക്‌ലോര്‍ അക്കാദമി, സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ നേതൃത്വത്തിലുള്ള ആദിവാസി കലാമേള വാഴച്ചാലിലെ ഗോത്ര വിഭാഗം അവതരിപ്പിക്കുന്ന ബാംബൂ ഓര്‍ക്കസ്ട്ര എന്നിവയും ഈ സംരംഭത്തിന് പകിട്ടേകും. ഉദ്ഘാടനത്തിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങള്‍ ആദിവാസി കലാരൂപങ്ങള്‍, നൃത്തനൃത്യങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി. ഘോഷയാത്ര തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ നിന്നും ആരംഭിച്ച് കനകക്കുന്നില്‍ സമാപിക്കും.
Discussion about this post