തിരുവനന്തപുരം: മികച്ച ഹോമിയോ ഡോക്ടര്‍മാര്‍ക്കുള്ള ആദ്യ സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം കാലടി സ്വദേശിയും ഹോമിയോ കോളേജിന്റെ മുന്‍ പ്രിന്‍സിപ്പാളുമായ ഡോ. രവി. എം നായര്‍ക്കാണ് സമഗ്ര സംഭാവനകള്‍ക്കുള്ള ഡോ. ഹാനിമാന്‍ അവാര്‍ഡ്. ഹോമിയോപ്പതി വകുപ്പിലെ മികച്ച ഡോക്ടര്‍ക്കുള്ള ഡോ. വില്യം ബോറിക് അവാര്‍ഡ് നെടുമങ്ങാട് ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി.എസ്. രാജശേഖരനും ഗവ. ഹോമിയോപ്പതി മെഡിക്കല്‍ കോളേജിലെ മികച്ച അധ്യാപകനുള്ള അവാര്‍ഡിന് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജിന്റെ സൂപ്രണ്ട് ഡോ. ജോസ് എം. കുഴിത്തോട്ടിലും അര്‍ഹരായി. സ്വകാര്യ മേഖലയിലെ മികച്ച ഡോക്ടര്‍ക്കുള്ള ഡോ. എം.എന്‍. പിള്ള അവാര്‍ഡിന് തിരുവനന്തപുരം തമലം സ്വദേശിയും റിട്ട. ചീഫ് മെഡിക്കല്‍ ഓഫീസറുമായ ഡോ. എസ്. ചന്ദ്രശേഖരന്‍ നായരെ തെരഞ്ഞെടുത്തു. കാഷ് അവാര്‍ഡും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ലോകഹോമിയോപ്പതി ദിനമായ ഏപ്രില്‍ 10 ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
Discussion about this post