തിരുവനന്തപുരം: സംസ്ഥാനത്തെ അവശേഷിക്കുന്ന 62 പഞ്ചായത്തുകളില്‍ക്കൂടി ഹോമിയോ ഡിസ്‌പെന്‍സറികള്‍ ഈ സാമ്പത്തികവര്‍ഷം തന്നെ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. ആയുഷ് വകുപ്പ് ഈ മാസം യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ആദ്യത്തെ ഹോമിയോപ്പതി സംസ്ഥാന അവാര്‍ഡുകളുടെ വിതരണവും ഹോമിയോപ്പതി ദിനാചരണത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തുള്ള 1036 ഹോമിയോ ഡിസ്‌പെന്‍സറികളില്‍ 110 എണ്ണം കഴിഞ്ഞ നാലുവര്‍ഷത്തിനകം ആരംഭിച്ചവയാണ്. ഇവയുടെയും 30 ആശുപത്രികളുടെയും അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കാഷ് (കേരള അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഫോര്‍ ഹോസ്പിറ്റല്‍സ്) പദ്ധതി നടപ്പാക്കും. ഫാര്‍മസിസ്റ്റുകളുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ തിരുവനന്തപുരം, കോഴിക്കോട് ഗവ.ഹോമിയോ കോളേജുകളില്‍ ഫാര്‍മസി കോഴ്‌സുകള്‍ ആരംഭിക്കും. ഹോമിയോ മരുന്നുകളുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ ഹോംകോയുടെ യൂണിറ്റ് തിരുവനന്തപുരത്ത് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഹോമിയോ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള ഡോ.ഹാനിമാന്‍ അവാര്‍ഡ് തിരുവനന്തപുരം കാലടി സ്വദേശിയും ഹോമിയോ കോളേജിന്റെ മുന്‍ പ്രിന്‍സിപ്പാളുമായ ഡോ.രവി.എം.നായര്‍ മന്ത്രിയില്‍നിന്നും ഏറ്റുവാങ്ങി. ഹോമിയോപ്പതി വകുപ്പിലെ മികച്ച ഡോക്ടര്‍ക്കുള്ള ഡോ.വില്യം ബോറിക് അവാര്‍ഡ് നെടുമങ്ങാട് ഗവ.ഹോമിയോ ഡിസ്‌പെന്‍സറിയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബി.എസ്.രാജശേഖരനും ഗവ. ഹോമിയോപ്പതി മെഡിക്കല്‍ കോളേജിലെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജിന്റെ സൂപ്രണ്ട് ഡോ. ജോസ് എം. കുഴിത്തോട്ടിലും സ്വീകരിച്ചു. സ്വകാര്യ മേഖലയിലെ മികച്ച ഡോക്ടര്‍ക്കുള്ള ഡോ.എം.എന്‍.പിള്ള അവാര്‍ഡ് തിരുവനന്തപുരം തമലം സ്വദേശിയും റിട്ട.ചീഫ് മെഡിക്കല്‍ ഓഫീസറുമായ ഡോ.എസ്.ചന്ദ്രശേഖരന്‍ നായര്‍ക്ക് നല്‍കി. കെ.മുരളീധരന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.
Discussion about this post