തിരുവനന്തപുരം: സംസ്ഥാനത്ത് ക്വാറികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രശ്‌നപരിഹാരത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചു. ക്വാറി ചട്ടങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ളവ വിദഗ്ധ സമിതി ചര്‍ച്ച ചെയ്യും. ക്വാറി സംഘടനാ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കമ്മിറ്റിയെയാകും നിയോഗിക്കുക.
അടിയന്തരമായി രൂപീകരിക്കുന്ന കമ്മിറ്റി ഒരു മാസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണം.ക്വാറി പെര്‍മിറ്റ് സംബന്ധിച്ച് രാജസ്ഥാനില്‍ കൊണ്ടു വന്നിട്ടുള്ള ചട്ടങ്ങളും നിയമങ്ങളും കമ്മിറ്റി വിലയിരുത്തി കേരളത്തിന് ഇക്കാര്യങ്ങളില്‍ അനുഗുണമായ സാധ്യതകള്‍ ഉണ്ടോയെന്ന് പരിശോധിക്കണം. റവന്യു പെര്‍മിറ്റ്, റോയല്‍ട്ടി തുകയിലെ വര്‍ധന,വാഹനങ്ങള്‍ പിടികൂടിയാലുള്ള പിഴയും തടവും സംബന്ധിച്ചുള്ള നിലവിലെ നിയമം,ലോറി പാസ്, ഇ-പാസ് സംവിധാനം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ സമിതി ചര്‍ച്ച ചെയ്യും. നിലവിലെ നിയമമനുസരിച്ച് ലൈസന്‍സ് ഉള്ള ക്വാറികള്‍ക്ക് മൂന്നുവര്‍ഷം വരെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ല.നാലാം വര്‍ഷത്തില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ച് ലൈസന്‍സിന് അപേക്ഷ നല്‍കണം. ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി നിയമ വകുപ്പ് ഉടന്‍ ഉത്തരവ് പുറത്തിറക്കും. ഒരു ഹെക്ടറില്‍ താഴെയുള്ള ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കോടതി വിധികളുടെയും മറ്റും പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങേണ്ടതുണ്ട്. പുതിയ ക്വാറിലൈസന്‍സും ക്ലിയറന്‍സുമായി ബന്ധപ്പെട്ട് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പരിസ്ഥിതി ഡയറക്ടര്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി.
Discussion about this post