തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കു തുടക്കമായി. ന്യായമായ എല്ലാ പരാതികള്‍ക്കും നീതി ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. രോഗികളുടെ പരാതികള്‍ ഉദ്യോഗസ്ഥര്‍ അവരുടെ വീടുകളില്‍ ചെന്നു വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച പൊതുജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന്‍നാടാര്‍, ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, എംഎല്‍എമാരായ കെ.മുരളീധരന്‍, അഡ്വ.എം.എ.വാഹിദ്, എ.ടി.ജോര്‍ജ്, വര്‍ക്കല കഹാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിത റസല്‍, ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍, കെപിസിസി ഭാരവാഹി തമ്പാനൂര്‍ രവി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
നിലവിളക്കില്‍ ഭദ്രദീപം തെളിച്ചതോടെയാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാംഘട്ട ജനസമ്പര്‍ക്ക പരിപാടി-കരുതല്‍ 2015 നു തുടക്കമായത്. രാവിലെ ഒന്‍പതു മണിക്കാണ് ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചത്. മുഖ്യമന്ത്രിക്കു നിവേദനം നല്‍കാനും നേരില്‍ക്കണ്ടു സഹായം അഭ്യര്‍ഥിക്കാനുമായി അതിരാവിലെ തന്നെ നിരവധിപേര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. പൊതുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായെത്തുന്നവര്‍ക്കു യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത വിധത്തിലുള്ള വിപുലമായ ക്രമീകരണങ്ങളാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി വില്ലേജ്- താലൂക്ക് ഓഫിസുകള്‍ അടക്കമുള്ള സര്‍ക്കാര്‍ ഓഫിസുകള്‍ ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കുകയും പരാതികള്‍ സ്വീകരിക്കുകയും ചെയ്തു.
സെന്‍്ട്രല്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനു പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ പ്രത്യേക സുരക്ഷാ പരിശോധനയും സ്‌റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ 16,253 പരാതികളാണു ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ചത്. ഈ പരാതികളില്‍ മുഖ്യമന്ത്രി നടപടി. സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം, ബിപിഎല്‍ റേഷന്‍ കാര്‍ഡ്, വായ്പ, പട്ടയം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍,വികലാംഗര്‍ക്കുള്ള സഹായം, ജോലി തുടങ്ങിയവയാണു പ്രധാന ആവശ്യങ്ങള്‍.
ഈ ഭരണകാലത്തെ മൂന്നാമത്തേതും, 2004 ല്‍ നടത്തിയ ജന സമ്പര്‍ക്കപരിപാടി കൂടി ഉള്‍പ്പെടുത്തിയാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നാലാമത്തെ ജനസമ്പര്‍ക്ക പരിപാടിയാണിത്. സംസ്ഥാനമൊട്ടാകെ ഇതുവരെ രണ്ടു ലക്ഷത്തോളം പരാതികളാണ് ഓണ്‍ലൈനില്‍ ലഭിച്ചിരിക്കുന്നത്. 66,083 പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായത്തിന് അപേക്ഷിച്ചത്. വീടിന് 33,725 അപേക്ഷകരുണ്ട്. 2011 ല്‍ നടന്ന ആദ്യ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച 5.45 ലക്ഷം അപേക്ഷകളില്‍ 2.97 ലക്ഷം പരിഹരിക്കപ്പെട്ടു. 20.82 കോടി രൂപ വിതരണം ചെയ്തു.
Discussion about this post