ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍
വിദ്യാഭ്യാസം സഫലമാകണമെങ്കില്‍ തുടങ്ങുമ്പോള്‍ത്തന്നെ വഴിക്കുണ്ടാകാവുന്ന തടസ്സങ്ങള്‍ മുന്‍കൂട്ടിക്കണ്ടു പരിഹാരം കാണണം. കാമ, ക്രോധ, മോഹ, മദ, മത്സര്യാദികളാണ് വിദ്യാമാര്‍ഗ്ഗത്തിലെ ശത്രുക്കള്‍. അക്കൂട്ടത്തില്‍ ഏറ്റവും കരുത്തന്‍ ക്രോധമാണ്. അച്ഛന്‍, അമ്മ, സഹോദരന്‍, മിത്രമെന്നിങ്ങനെ ഏറ്റവും വേണ്ടപ്പെട്ട സ്വജനങ്ങളെപ്പോലും കൊല്ലിക്കാന്‍ അവനൊരാള്‍ മതി. മനസ്താപവും സംസാരബന്ധനവുമുണ്ടാക്കുന്ന ക്രോധം സ്വധര്‍മ്മ വിനാശകമാണ്. അതിനാല്‍ അറിവുള്ളവര്‍ ക്രോധം ഉപേക്ഷിക്കുക തന്നെ വേണം.
ശത്രുക്കള്‍ രണ്ടുവിധമുണ്ട് ബാഹ്യശത്രുവും ആന്തരിക ശത്രുവും അതിര്‍ത്തി കടന്നുവരുന്ന ശത്രുസൈന്യങ്ങളും കളളന്മാരും കൊള്ളക്കാരും പകര്‍ച്ചവ്യാധികളും ക്ഷാമാദികളും ബാഹ്യശത്രുക്കളാണ്. അവരെ ജയിക്കാന്‍ കരുത്തനായ മനുഷ്യനു പ്രയാസമില്ല. പക്ഷേ കാമക്രോധാദികളാകുന്ന ആന്തരിക ശത്രുക്കളെ ജയിക്കുക അത്ര എളുപ്പമല്ല. ഓരോയുഗത്തിലും വിരലിലെണ്ണാവുന്നവര്‍ മാത്രമേ അതു സാധിച്ചിട്ടുള്ളൂ. അവരാണു മഹാത്മാക്കള്‍.
ലോകം കിടുക്കിവാഴുന്ന ഭരണാധിപന്മാരുടെ വിചാരം അവര്‍ സര്‍വതന്ത്രാസ്വതന്ത്രസ്വതന്ത്രരാണെന്നാണ്. ഇതില്‍പരമൊരു മൂഢതയില്ല. സ്വന്തം സ്വഭാവവൈകല്യങ്ങളുടെയും കാമക്രോധാദികളുടെയും അടിമകളാണവര്‍. അതിന്റെ ആജ്ഞയനുസരിച്ചാണ് അവര്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. എത്രതന്നെയാഗ്രഹിച്ചാലും അതിന്റെ കന്മതിലുകളെ ലംഘിക്കാന്‍ അവര്‍ക്കാവുന്നില്ല. ശരീരമാണു ‘ഞാന്‍’ എന്ന വിശ്വാസം അഥവാ അവിദ്യയാണതിതിനു കാരണം. രാവണന്‍ കാമം മൂലവും ദുര്യോധനന്‍ ലോഭം മൂലവും നശിച്ചു. ഹിറ്റ്‌ലര്‍, മുസ്ലോളിനി, അങ്ങനെ നീണ്ടുപോകുന്നു ആ നിര. രാഷ്ട്രാധിപന്മാര്‍ മാത്രമല്ല സാധാരണ ജനങ്ങളും അവരുടെ നിലയ്ക്ക് ഇതേ അബദ്ധംതന്നെ ചെയ്തുകൂട്ടുന്നു. അതു അരുത് എന്ന ആഹ്വാനമാണു ലക്ഷ്മണോപദേശം.
പണ്ടു ത്രിപുരന്മാരെന്നു പേരായി ഒരുകൂട്ടം അസുരന്മാരുണ്ടായിരുന്നു. അവര്‍ തപസ്സുചെയ്തു ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി അമരത്വം ആവശ്യപ്പെട്ടു. അതു നല്‍കാനാവില്ലെന്നു അദ്ദേഹം വ്യക്തമാക്കിയപ്പോള്‍ സ്വര്‍ണ്ണം, വെള്ളി, ഇരുമ്പ്, എന്നീ ലോഹങ്ങള്‍കൊണ്ടു അന്തരീക്ഷത്തില്‍ മൂന്നു നഗരങ്ങള്‍ നിര്‍മ്മിക്കാനുള്ള വരം അവര്‍ ലോകത്തില്‍ യാതൊന്നിനുമില്ലെന്നും മൂന്നുംകൂടി ഒരുമിച്ചു നശിപ്പിച്ചാല്‍ നഗരങ്ങള്‍ നശിക്കുമെന്നും ഓരോന്നായി നശിപ്പിക്കുന്ന പക്ഷം അതു വീണ്ടും ഉണ്ടായിക്കൊള്ളുമെന്നും പറഞ്ഞ് അന്തര്‍ധാനം ചെയ്തു. ത്രിപുരന്മാര്‍ അന്തരീക്ഷത്തില്‍ മൂന്നു നഗരങ്ങളുണ്ടാക്കി അഹങ്കാരം മൂത്ത് ലോകത്തെ പീഡിപ്പിച്ചു തുടങ്ങി. അവരുടെ ശല്യം സഹിക്കവയ്യാതായപ്പോള്‍ ദേവന്മാരുടെ അഭ്യര്‍ത്ഥന മാനിച്ച് ശിവന്‍ അസുരന്മാരോടു പടയ്ക്കിറങ്ങി. നഗരമോരോന്നായി അദ്ദേഹം നശിപ്പിച്ചെങ്കിലും ബ്രഹ്മാവിന്റെ അനുഗ്രഹബലത്താല്‍ അവ, വീണ്ടുമുണ്ടാക്കുന്നതു കണ്ട് കോപാകുലനായ സംഹാരമൂര്‍ത്തി നെറ്റിക്കണ്ണുതുറന്ന് നഗരങ്ങളെ ത്രിപുരന്മാരോടൊപ്പം ദഹിപ്പിച്ചു. ശിവപുരാണ പ്രസിദ്ധമായ ഈ ത്രിപുരദഹനകഥ ആത്മജ്ഞാനോദയത്തെ പ്രതീകാത്മകമായ ഭാഷയില്‍ ബോധിപ്പിക്കുന്നു.
ശരീരാത്മബുദ്ധിമുഴുത്ത് കാമക്രോധാദികള്‍ക്കു വശംവദരായി പ്രപഞ്ചത്തെ പീഡിപ്പിക്കാന്‍ പുറപ്പെടുന്ന മനുഷ്യരുടെ പ്രതീകമാണ് ത്രിപുരന്മാര്‍. സ്ഥൂലസൂക്ഷ്മകാരണ ശരീരങ്ങളാണ് സ്വര്‍ണ്ണംകൊണ്ടും വെള്ളികൊണ്ടും ഇരുമ്പുകൊണ്ടുമുള്ള പട്ടണങ്ങള്‍ സ്ഥൂലശരീരം നശിച്ചാലും വീണ്ടുമുണ്ടാകും. നാം പഴകിയവസ്ത്രമുപേക്ഷിച്ചു പുതിയ വസ്ത്രം സ്വീകരിക്കുന്നപോലെ ആത്മാവ് പഴകിജീര്‍ണിച്ച സ്ഥൂലശരീരമുപേക്ഷിച്ച് പുതിയതു സ്വീകരിക്കുന്നതാണു മരണവും ജനനവും. ജനനമരണങ്ങളുടെ ചക്രത്തിനു പുറത്തുകടക്കണമെങ്കില്‍ സ്ഥൂലശരീരംമാത്രം നശിച്ചാല്‍ പോരാ. മൂന്നു ശരീരങ്ങളും ഒരുമിച്ചു ഇല്ലാതാകണം. അഥവാ ഞാന്‍ ഈ ശരീരമാണെന്ന തെറ്റിദ്ധാണ ഇല്ലാതാകണം. ജ്ഞാനോദയംകൊണ്ടു മാത്രമേ അതു സാധ്യമാകൂ. ശിവന്റെ നെറ്റിക്കണ്ണ് ജ്ഞാനദൃഷ്ടി അഥവാ വിദ്യാചക്ഷുസ്സാണ്. അതു തുറക്കുന്നതോടെ ശരീരാഭിമാനം പൂര്‍ണ്ണമായും ഇല്ലാതാകുന്നു. ഇതാണു ത്രിപുര ദഹനം ജ്ഞാനിയായ മനുഷ്യന്‍ ലോകത്തെ പീഡിപ്പിക്കുകയില്ല. പകരം ഈ പ്രപഞ്ചം മുഴുവന്‍ ‘ഞാന്‍’ തന്നെയായ ആത്മാവാണെന്നറിഞ്ഞ് അതിന്റെ സേവകനായി മാറുന്നു. പുരാണേതിഹാസങ്ങളുടെ സന്ദേശവും വേറൊന്നല്ല.
‘ക്രോധമല്ലോ യമനായതു നിര്‍ണ്ണയം
വൈതരണ്യാഖ്യയാകുന്നതു തൃഷ്ണയും
സന്തോഷമാകുന്നതും നന്ദനം വനം
സന്തതം ശാന്തിയേ കാമസുരഭികേള്‍
ചിന്തിച്ചു ശാന്തിയെത്തന്നെ ഭജിക്ക നീ
സന്താപമെന്നാലൊരു ജാതിയും വരാ.’
ക്രോധമാണു കാലര്‍, മരണശേഷം ജീവന്മാര്‍ കടക്കേണ്ട വൈതരണിയെന്നു പേരുള്ള പുരാണപ്രസിദ്ധമായ ഇരുളടഞ്ഞ നദി തൃഷ്ണ അല്ലെങ്കില്‍ ഭൗതിക വസ്തുക്കളിലുള്ള ആസക്തിയാണ്. മനുഷ്യമനസ്സിനെ കുളിരണിയിക്കുന്ന സന്തോഷമാണ് ദേവന്മാരുടെ ഉദ്യാനമായ നന്ദനം. പുരാണങ്ങള്‍ വര്‍ണ്ണിക്കുന്ന കാമധേനു ശാന്തിയാകുന്നു. അതിനാല്‍ ശാന്തിയെത്തന്നെ ആശ്രയിക്കൂ. ക്രോധത്തെയും തൃഷ്ണയെയും കൈവെടിയൂ. എന്നാല്‍ ഒരു പ്രകാരത്തിലുള്ള സന്താപവും ഉണ്ടാവുകയില്ല എന്ന് ശ്രീരാമന്‍ വാക്കു തരുന്നു.
പുരാണപ്രസിദ്ധമായ പ്രതീകങ്ങളുടെ അര്‍ത്ഥം വ്യക്തമാകുമ്പോള്‍ ക്രോധനിരാസത്തിന്റെ ആവശ്യകത സ്പഷ്ടമായിത്തീരും. അതാണ് ശ്രീരാമന്‍ ഇവിടെ ചെയ്യുന്നത്. ജീവജാലങ്ങളുടെ ജീവനൊടുക്കുന്ന കാലന്‍ ക്രോധമാകുന്നു. കോപിക്കുന്നവനും കോപത്തിനു വിധേയനാകുന്നവനും മരണുള്‍പ്പെടെ പല പ്രകാരത്തിലുള്ള വിപത്തുകളുണ്ടാകുന്നത് സാധാരണമാണ്. ലോകചരിത്രത്തിന്റെ ഏടുകള്‍ പരിശോധിച്ചാല്‍ ലക്ഷക്കണക്കിനു മനുഷ്യരുടെ മരണത്തിനു ഹേതുവായ ക്രോധത്തിന്റെ സംഹാരതാണ്ഡവം കാണാം. ഭൗതികശരീരംവെടിയുന്നജീവന്മാര്‍ സ്വകര്‍മ്മാനുരൂപമായ അനന്തരന്മങ്ങളിലേക്കു നീങ്ങുന്നു. ആ ഘട്ടത്തില്‍ ജീവന്റെ ഉദ്ഗതിക്ക് തടസ്സമായിത്തീരുന്നത് തൃഷ്ണയാണ്. ആഗ്രഹങ്ങള്‍ താനുപേക്ഷിച്ചുപോന്ന ശരീരത്തിലേക്കും ബന്ധുമിത്രാദികളിലേക്കും ജീവനെ ആകര്‍ഷിക്കും. എന്നാല്‍ തൃഷ്ണയുടെ ബലംകൊണ്ടുമാത്രം ശരീരമുപേക്ഷിക്കാതെ ദീര്‍ഘകാലം ജീവിച്ചിരിക്കാനും കഴിയില്ല. ജീവനെ മുന്നിലോട്ടും പിന്നിലോട്ടും വിടാതെ തൃഷ്ണ ഇങ്ങനെ ഞെരുക്കും. ഇതിനെയാണു കടക്കാന്‍ പ്രയാസമുള്ള വൈതരണിയായി പുരാണങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ദേവലോകത്തെ ഉദ്യാനമായ നന്ദനം മനസ്സിലെ സന്തോഷമാണ്. ഹൈന്ദവപുരാണങ്ങളില്‍ വര്‍ണിച്ചിരിക്കുന്ന ദേവലോകവും നരകവും മനുഷ്യമനസ്സിന്റെ അവസ്ഥകളാണെന്നറിയണം. ആകാശത്ത് മറഞ്ഞിരിക്കുന്ന ലോകമെല്ല ദേവലോകം. ഭൂമിക്കു താഴെയെങ്ങാനുമല്ല നരകത്തിന്റെ സ്ഥാനവും. ശുദ്ധമായ മനസ്സുള്ളവന്‍ ആനന്ദദായകമായ ദേവോദ്യാനത്തെ തന്നില്‍ പ്രതിഷ്ഠിക്കുമ്പോള്‍ മറ്റുള്ളവര്‍ സ്വഭാവാനുരൂപമായി ഭൂലോകത്തെയോ നരകത്തെയോ ഹൃദയത്തില്‍ സാക്ഷാത്കരിക്കുന്നു. ശുദ്ധമായ സാത്വികഹൃദയത്തില്‍നിന്നു സാത്വികമായ വികാരവിചാരങ്ങളേ ഉണ്ടാകൂ. അതു കര്‍മ്മത്തെ ശുദ്ധീകരിച്ചുകൊണ്ട് സുഖാനുഭവത്തിനു വഴിയൊരുക്കുന്നു. സുഖത്തിനാസ്പദം ഭൗതികവസ്തുക്കളല്ല ആത്മപ്രകാശാണെന്നു വ്യക്തമാക്കിയല്ലോ. നിര്‍മ്മലമായ ഹൃദയത്തില്‍ ആത്മപ്രകാശം തെളിഞ്ഞു വിളങ്ങുന്നതുകൊണ്ടാണു അതു ആനന്ദപൂര്‍ണമായിത്തീരുന്നത്. അതാണു നന്ദനോദ്യാനം. അതില്‍ വിഹരിക്കുന്ന ആഗ്രഹങ്ങളെല്ലാം നല്‍കുന്ന കാമധേനവാണു ശാന്തി. ഹൃദയത്തില്‍ ശാന്തിയുണ്ടായാല്‍ എല്ലാമായി. അല്ലെങ്കില്‍ എല്ലാം നഷ്ടമായി എന്നതാണു സത്യം. മനസ്സിനു സ്വസ്ഥതയില്ലെങ്കില്‍ പണവും പ്രതാപവും കൊണ്ടു എന്തു പ്രയോജനം? ഇതു മനസ്സിലാക്കി ശാന്തിയെ ആരാധിക്കാന്‍ രാമന്‍ ഉപദേശിക്കുന്നു. ഇതാണു വിദ്യാഭ്യാസത്തിന്റെ പരമമായ ആദര്‍ശം.
Discussion about this post