തിരുവനന്തപുരം: ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വവും കാര്യക്ഷമതയുളള സിവില്‍ സര്‍വ്വീസും ചേരുമ്പോഴാണ് ജനാധിപത്യ സംവിധാനം ഫലപ്രദമാവുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സിവില്‍ സര്‍വ്വീസ് ദിനത്തിന്റെ സമാപനം തിരുവനന്തപുരം ഐ.എം.ജി യില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിവില്‍ സര്‍വ്വീസിനെ ജനം പ്രതീക്ഷയോടെയാണ് കാണുന്നത്. എന്നാല്‍ പലപ്പോഴും ജനാഭിലാഷത്തോട് ഒത്തുപോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. ഇങ്ങനെയുളള സാഹചര്യങ്ങളാണ് ഭരണ വിരുദ്ധവികാരമുണ്ടാവാന്‍ കാരണമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണരംഗത്തെ പൂര്‍ണ്ണ ഉത്തരവാദിത്തം രാഷ്ട്രീയ നേതൃത്വത്തിനാണ്. കുറവുകളും വീഴ്ചകളുമുണ്ടായാല്‍ തിരുത്തേണ്ടതും രാഷ്ട്രീയ നേതൃത്വം തന്നെയാണ്. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്തു പ്രവര്‍ത്തിക്കാന്‍ ഭരണാധിപരും രാഷ്ട്രീയ നേതൃത്വവും തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ കഴിയുന്നുവെന്നതാണ് ജനസമ്പര്‍ക്ക പരിപാടിയുടെ നേട്ടം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള കാലഹരണപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്താനും ജനസമ്പര്‍ക്ക പരിപാടികളില്‍നിന്നു ലഭിക്കുന്ന അനുഭവങ്ങളിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അധ്യക്ഷനായിരുന്നു. പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ഐഎംജി ഡയറക്ടര്‍ പി.കെ.മൊഹന്തി തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post