തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റ് നമ്പറുകളില്‍ ഇരട്ടിപ്പു വന്ന സംഭവത്തില്‍ ബന്ധപ്പെട്ട പ്രസ്സിനോട് വിശദീകരണം ആരായുമെന്ന് ഭാഗ്യക്കുറി ഡയറക്ടര്‍ ഇ.ജെ. ജയരാജ് അറിയിച്ചു. എറണാകുളം ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ വില്‍പ്പനയ്‌ക്കെത്തിയ ധനശ്രീ 180-ാം നമ്പര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റുകളിലാണ് ഇരട്ടിപ്പ് കണ്ടത്. ഈ ടിക്കറ്റുകള്‍ അച്ചടിച്ച സി-ആപ്റ്റ് പ്രസ്സിനോട് വിശദീകരണം ആരായും. മറുപടിയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കും.
ഇത്തരം ടിക്കറ്റുകള്‍ സമ്മാനാര്‍ഹമാകുന്ന പക്ഷം, രണ്ടു കൂട്ടര്‍ക്കും സമ്മാനത്തുക നല്‍കുമെന്നും ഡയറക്ടര്‍ പറഞ്ഞു. അധികമായി നല്‍കേണ്ടി വരുന്ന സമ്മാനത്തുക ബന്ധപ്പെട്ട പ്രസില്‍ നിന്ന് ഈടാക്കും. സാധാരണയായി ഇരട്ടിപ്പു വരാറില്ലെങ്കിലും വളരെ വിരളമായി ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആഴ്ചയില്‍ 3.24 കോടി ടിക്കറ്റുകള്‍ ആണ് വകുപ്പ് അച്ചടിച്ച് വിപണിയിലിറക്കുന്നത്. ബമ്പര്‍ ടിക്കറ്റുകള്‍ ഇതിനു പുറമെയാണ്. ഭാഗ്യക്കുറി ഓഫീസുകളില്‍ നിന്ന് ടിക്കറ്റ് കൊണ്ടുപോകുന്നതിനു മുന്‍പ് ഇരട്ടിപ്പോ മറ്റ് തകരാറുകളോ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഏജന്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. ഇക്കാര്യം ഭാഗ്യക്കുറി ഓഫീസുകളില്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. ടിക്കറ്റ് ഇരട്ടിപ്പ് പോലുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡയറക്ടര്‍ അറിയിച്ചു.
Discussion about this post