ചെങ്കല്‍ സുധാകരന്‍
ബഹുലാശ്വമഹാരാജാവിന്റെ താല്പര്യം മാനിച്ച്
ശ്രീനാരദന്‍ കഥാവിവരണം തുടര്‍ന്നു
‘രൈവതസ്യാഥ ശൈലസ്യ
മാഹാത്മ്യം ശൃണു മാനദ!
സര്‍വ്വപാപഹരം പുണ്യം
ഭുക്തി മുക്തി പ്രദായകം.’
(മഹാരാജാവേ രൈവത പര്‍വ്വതത്തിന്റെ മാഹാത്മ്യം കേട്ടാലും അതു ഭക്തിപ്രദമാണ്. മുക്തിദായകവും) പണ്ട്, ഗൗതമമഹര്‍ഷിയുടെ പുത്രനായ മേധാവി അനേകവര്‍ഷം നീണ്ട ഒരു തപസ്സുചെയ്തു. വിന്ധ്യാചലത്തില്‍. ഒരുദിവസം അപരാന്തരതമന്‍ എന്ന മുനി അദ്ദേഹത്തെ കാണാനെത്തി. തപസ്സുചെയ്ത് മുക്തി നേടിയ മേധാവി മുനിയെ കണ്ടതായി നടിച്ചില്ല. സാത്വികനായ മേധാവിയുടെ ഉള്ളിന്റെയുള്ളില്‍ ‘അഹം’ നശിക്കാതെ കിടക്കുകയായിരുന്നു. അപരാന്തരതമന്‍ അടുത്തെത്തിയിട്ടും മുനി എണീറ്റില്ല. ‘നോച്ചചാലാസനാത്സോപി മേധാവീ തപസ്സോല്‍ക്കടഃ’ എന്താണ് അദ്ദേഹത്തെപ്പറ്റി ഗര്‍ഗ്ഗാചാര്യര്‍ പറയുന്നത് തപസ്സിനാല്‍ അഹം വര്‍ദ്ധിച്ച മേധാവി ഒന്നനങ്ങിയതുപോലുമില്ല! പൂജ്യ പൂജാ വ്യതിക്രമത്തിന്റെ ദോഷഫലമൊന്നും ആ ഋഷി ആലോചിച്ചില്ല’
‘തപോഗര്‍വ്വത്താല്‍ തന്നെ അവഗണിച്ച മേധാവിയെ അപരാന്തരതമന്‍ ശപിച്ചു.
‘ശൈലവത്തേ സ്ഥിതാശ്ചfത്ര
ത്വം ശൈലോഭവ ദുര്‍മ്മതേ
ഇത്യുക്ത്വാഥ ഗതേ സാക്ഷാ-
ദപരാന്തരതമോ മുനൗ’
(മലപോലെ ചലിക്കാതിരുന്ന നീ ഒരു അചലമായിത്തീരട്ടെ. എന്നു ശപിച്ചിട്ടു അദ്ദേഹം വേഗം മറഞ്ഞു.) അതോടെ മേധാവി ശൈലതാം പ്രാപ്തഃ (മേധാവി ശൈലമായി മാറി.) ശ്രീശൈലത്തിന്റെ പുത്രനായി ജനിച്ചു ശാപഗ്രസ്തനായെങ്കിലും ആ മുനി വിഷ്ണു ഭക്തനായി എന്നതിനാല്‍ പൂര്‍വ്വസ്മരണയുണ്ടായി.’
‘രാജേവ്, ഒരിക്കല്‍ ഞാന്‍ ശൈലരൂപിയായ മേധാവിയെ സമീപിച്ചു. പലതും പറഞ്ഞകൂട്ടത്തില്‍ ദ്വാരകാമാഹാത്മ്യം വിവരിച്ചു. പലപലതീര്‍ത്ഥങ്ങളാല്‍ ധന്യതയാര്‍ന്ന ആ ദിവ്യനഗരത്തെപ്പറ്റി മേധാവിചിന്തിച്ചു. തനിക്ക് ആ ദ്വാരകയിലേക്കുപോയാല്‍ കൊള്ളാമെന്ന ആഗ്രഹം മുനി എന്നെ അറിയിച്ചു. ആ വിവരം രൈവതനെ അറിയിക്കണമെന്നും എന്നോടപേക്ഷിച്ചു.
‘ഞാന്‍ അപ്രകാരംതന്നെ ചെയ്തു. വാര്‍ത്തകേട്ട് ദീനദയാവത്സലനും മഹാബലവാനുമായ രൈവതന് വലിയ സന്തോഷമായി. കാരണം ആ നാട്ടില്‍ ഇത്തരമൊരു പര്‍വ്വതമില്ല. അതുകൊണ്ട് എങ്ങനെയെങ്കിലും ഈ ഗീരീന്ദ്രനെ തന്റെ രാജ്യത്തിലേയ്ക്കുകൊണ്ടുപോകണമെന്ന് അദ്ദേഹം തീരുമാനിച്ചു’
തത്സ്ഥാപനം കരിഷ്യാമി
സമുത്പാട്യഭുജാബലാത്
സമുന്നീയ ദ്വാരകായാം
പ്രതിജ്ഞാമകരോദിമാം’
(ഞാന്‍, കൈയൂക്കിനാല്‍, ഈ പര്‍വ്വതത്തെ ഇളക്കിയെടുത്ത് ദ്വാരകയില്‍ കൊണ്ടുപോയി സ്ഥാപിക്കും.) ഈ വിധം പ്രതിജ്ഞചെയ്ത രാജാവ് വാക്കു പാലിക്കാന്‍ ശ്രമം തുടങ്ങി. അപ്പോള്‍ ഞാന്‍ നേരേ ശ്രീശൈലത്തിന്റെ ആസ്ഥാനത്തിലെത്തി. ആ പര്‍വ്വതേന്ദ്രനോട് കാര്യങ്ങളെല്ലാം വിശദമായറിയിച്ചു. രൈവതന്‍ ഗിരിരാജ പുത്രനെ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന വിവരവും കേള്‍പ്പിച്ചു.
പുത്രവത്സലനായ ശ്രീശൈലം രൈവതനെ തടയാനുള്ള ശ്രമം ആരംഭിച്ചു. ഹിമാലയം, മഹാമേരുതുടങ്ങിയ പര്‍വ്വതശ്രേഷ്ഠന്മാരോട് തന്റെ ദുഃഖമറിയിച്ചു. ആസന്നമായ ആപത്തില്‍ നിന്ന് രക്ഷിക്കണമെന്നപേക്ഷിച്ചു. തന്റെപുത്രനെ വിദേശത്തേയ്ക്കു കൊണ്ടുപോകാന്‍ രൈവതന്‍ ശ്രമിക്കുന്ന കാര്യവും ഗിരശ്രേഷ്ഠന്മാരോടു പറഞ്ഞു. ഒരു പുത്രന്‍ മാത്രമുള്ള ശ്രീ ശൈലത്തിന്റെ ആത്മദുഃഖം പരിഹരിക്കാമെന്ന് ഗിരി-വരന്മാര്‍ വാഗ്ദാനം ചെയ്തു. ബന്ധുസ്‌നേഹത്താല്‍ പ്രേരിതരായ അചലേന്ദ്രന്മാര്‍ രൈവതനോട് യുദ്ധം ചെയ്യാന്‍ കോപ്പുകൂട്ടി.
ശ്രീശൈലം ലക്ഷക്കണക്കിന് പര്‍വ്വതങ്ങളുമൊത്ത് യുദ്ധത്തിനൊരുങ്ങി. രൈവതനാകട്ടെ-
‘തരോഭുജാഭ്യാമുല്‍പ്പാട്യ
ഹന്തമാനിവ തം ഗിരിം
ഊര്‍ദ്ധ്വം കൃത്വാ ബലാദ്രാജാ-
യദാഗന്തും മനോ ദധേ’
(അനന്തരം രൈവതന്‍, ഹനുമാാന്‍ മേരുവിനെയെന്നപോലെ കൈകള്‍കൊണ്ട് പര്‍വ്വതത്തെ പുഴക്കിയെടുത്ത് ഉയര്‍ത്തിപിടിച്ച് പുറപ്പെട്ടു.) മേരുവും ഹിമവാനും ആയുധങ്ങളുമേന്തി മുന്നില്‍ചെന്നു തടഞ്ഞു. രാജാവിന്റെ കരസ്ഥമായിരുന്ന പര്‍വ്വതം ഉച്ചത്തിലൊന്നട്ടഹസിച്ചു. ആ ശബ്ദം കേട്ട് ബ്രഹ്മാണ്ഡമാകെ ഞെട്ടിവിറച്ചു. യുദ്ധോദ്യരായ ഗിരിരാജന്മാരേന്തിയിരുന്ന ആയുധജാലങ്ങള്‍ നിലമ്പതിച്ചു. അവ രാജാവിനോട് മുഷ്ടിയുദ്ധം നടത്തി. അപ്പോഴും ആപ്തസന്ധിയെപ്പറ്റി ഞാന്‍, മഹാവിഷ്ണുവിനെ അറിയിച്ചു. ഉടന്‍ ശ്രീഹരി തന്റെ ശക്തി രൈവതനിലേക്കു പകര്‍ന്നു. ഭയപ്പെടരുതെന്നരുളിചെയ്ത് വൈകുണ്ഠത്തിലേക്കു പോവുകയും ചെയ്തു.
മഹാവിഷ്ണുവില്‍ നിന്നും ശക്തിനേടിയ രൈവതന്‍ പര്‍വ്വതങ്ങളെ ശക്തിയായി ആക്രമിച്ചു. ഒറ്റക്കൈയില്‍ പര്‍വ്വതത്തെ താങ്ങിപ്പിടിച്ചുകൊണ്ട് ഗിരിനിരകളെ മറ്റേക്കൈ കൊണ്ടടിച്ചു. അതിന്റെ ആഘാതത്താല്‍ മേരുപര്‍വ്വതം പോലും വിറച്ചുപോയി. ഹിമവാനെ രാജാവ് കൈകൊണ്ടടിച്ചുവീഴ്ത്തി. മറ്റുപര്‍വ്വതങ്ങളെ ചവിട്ടിത്ാഴത്തി. ഗിരിവൃന്ദം പിന്മാറി. രൈവതന്‍ വിജയശ്രീലാളിതനായി ശ്രൈശൈല സുതനേയുംകൊണ്ട് യാത്ര തുടര്‍ന്നു. ആനര്‍ത്തത്തിലെത്തിയ രാജാവ് ആ ശൈലത്തെ ഉചിതമായൊരു സ്ഥാനത്ത് പ്രതിഷ്ഠിച്ചു. രൈവതനാല്‍ സ്ഥാപിതമായ ആ പര്‍വ്വതം രൈവതം എന്നറിയപ്പെട്ടു. ശൈലമുഖ്യനായ രൈവതം മറ്റുള്ളവയെപ്പോലെ കേവലം അചേതനമായിരുന്നില്ല. അത് ഹരിഭക്തനും ഗിരിമുഖ്യനുമായി വിലസി. സജ്ജനങ്ങള്‍ രൈവതത്തെ പുണ്യസംവര്‍ത്തനത്തിനുപസ്‌ക്കാരകമായി കരുതി. ആ ഗിരിരാജനെ ദര്‍ശിക്കുന്നതുപോലും പുണ്യകരമാണ്. അതുമൂലം ബ്രഹ്മഹത്യാദിപാപങ്ങള്‍ ഹരിഹൃതമാകുന്നു. സ്പര്‍ശനം കൊണ്ടാകട്ടെ നൂറുയാഗം ചെയ്തതിന്റെ ഫലം ലഭിക്കുന്നു. രൈവത സാനുവില്‍ വച്ച് ബ്രാഹ്മണരെ ഊട്ടിയാല്‍ വിഷ്ണുപദം ലഭിക്കുകയും ചെയ്യും. അവിടെ ഒരു യജ്ഞം നടത്തുന്നതനായാല്‍, ഒരു കോടി യജ്ഞങ്ങള്‍ അനുഷ്ഠിച്ചാലുള്ള ഫലം ലഭിക്കുന്നു’ ഇപ്രകാരം പുണ്യവാര്‍ത്തകള്‍ വിവരിച്ച്, നാരദര്‍, ജിജ്ഞാസുവായ ബഹുലാശ്വനെ സന്തോഷിപ്പിച്ചു.
‘ഏകോ വിശുദ്ധ ബോധോfഹ
മിതനിശ്ചയ വഹ്നിനാ
പ്രജ്വാല്യാfജ്ഞാന ഗഹനാം
വീതശോക സുഖീഭവഃ’ (അഷ്ടാവക്രഗീത)
ഞാന്‍ ഏകവും വിശുദ്ധബോധാകാരവുമായ ചൈതന്യമാണ്. ഈ ഭാവനയാകുന്ന അഗ്നി ജ്വലിപ്പിച്ച് അജ്ഞാനവനത്തെ ദഹിപ്പിക്കണം) എന്നാണ് അഷ്ടാവക്രമുനി പറഞ്ഞിരിക്കുന്നത്. താന്‍ ശരീരമോ ഇന്ദ്രിയമോ മനസ്സോ അല്ല. ജാതിയോ പദവിയോ അല്ല. ആത്മസ്വരൂപന്‍ മാത്രമാണ്. ആ ആത്മാവിന് പുരുഷന് നാശമില്ല. അതാകട്ടെ ജഡാജഡങ്ങളിലെല്ലാം സ്ഥിതിചെയ്ത് പ്രപഞ്ചത്തെ അത്ഭുതാത്മകവും വൈചിത്യാത്മകവുമാക്കുന്നു. ദൃശ്യ-ദൃക് വിവേകിതയാര്‍ന്ന വ്യക്തി ദൃഷ്ടിഗോചരമാകുന്നവയില്‍ നിന്ന് ദ്രഷ്യവ്യമായതിനെ മാത്രമേ കാണുന്നുള്ളൂ. സാധാരണക്കാര്‍ക്ക് കാണപ്പെടുന്നവയെല്ലാം കാഴ്ചയാണ്!
ഋഷിവചസ്സുകളിലൂടെ സഞ്ചരിക്കുന്ന അനുവാചകന്‍ ഋഷികല്പമായ ‘നോട്ട’മുള്ളവനായിരിക്കണം! കവി ‘ഋഷി’ യാകയാല്‍ കാവ്യാന്തര്‍ഗ്ഗതമറിയാന്‍ അത് അനിവാര്യമാണ്. ഗര്‍ഗ്ഗാചാര്യര്‍ ഈ ഋഷിഗണത്തില്‍ ‘കനിഷ്ഠികാധിഷ്ഠിതനാ’ണ്. സാരാംശം നിഗൂഹനം ചെയ്തിട്ടുള്ള നൂറു നൂറു കഥകളാണ് ഗര്‍ഗ്ഗഭാഗവതത്തെ ഗൗരവമുള്ളതാക്കുന്നത്. സാമാന്യവായനക്കാരന്‍, അവനാര്‍ജ്ജിച്ചിട്ടുള്ള പ്രാഥമികജ്ഞാനത്തെക്കടന്ന് സത്യമറിയാന്‍ മൂന്നാം കണ്ണുള്ളവനാകണം. ഈ പ്രബന്ധത്തിന്നാസ്പദമായ രൈവതപര്‍വ്വത കഥയിലും ‘സാഗരഗഹ്വരമാ’ര്‍ന്ന രത്‌നപ്രകാശം കണ്ടെത്താന്‍, അങ്ങനെയൊരന്വേഷണമാണാവശ്യം!
Discussion about this post