തിരുവനന്തപുരം: ഈ വര്‍ഷം നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്തു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.ശശിധരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം, വോട്ടര്‍ പട്ടിക, പോളിംഗ് ബൂത്ത്, വാര്‍ഡ് പുനര്‍വിഭജനം, ഫോട്ടോ തിരിച്ചറിയല്‍ രേഖ, തെരഞ്ഞെടുപ്പ് പ്രചാരണം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.
ഇതാദ്യമായാണ് ത്രിതല പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പിന് പൂര്‍ണമായും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നത്. ഒരാള്‍ക്ക് ഒന്നിലധികം വോട്ടുകള്‍ രേഖപ്പെടുത്താന്‍ സൗകര്യമുള്ള മള്‍ട്ടിപോസ്റ്റ് വോട്ടിങ് യന്ത്രമാണ് ഉപയോഗിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തന രീതി വിശദീകരിച്ച് രാഷ്ട്രീയ നേതാക്കളുടെ സംശയങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദൂരീകരിച്ചു. പുതിയ സംവിധാനത്തില്‍ ഒറ്റ ദിവസംകൊണ്ട് ഫലപ്രഖ്യാപനം പൂര്‍ത്തിയാക്കാന്‍ കഴിയും. പുതിയ മള്‍ട്ടിപോസ്റ്റ് വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് മംഗലപുരം ഗ്രാമപഞ്ചായത്തില്‍ മോക്ക് പോളിംഗ് സംഘടിപ്പിച്ചപ്പോള്‍ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ അതിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്തിയതായും കമ്മീഷന്‍ അറിയിച്ചു. പഞ്ചായത്ത്‌രാജ് മുന്‍സിപ്പാലിറ്റി ആക്ട് പ്രകാരം ആര്‍ക്കും വോട്ട് ചെയ്യാതിരിക്കല്‍ എന്ന അവകാശം ഇല്ലാതിരിക്കെ ഇത്തവണ നോട്ട ഉണ്ടായിരിക്കുകയില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. 15 സ്ഥാനാര്‍ത്ഥികളുടെ വീതം പേര് ഉള്‍ക്കൊള്ളിക്കാവുന്ന മൂന്ന് ബാലറ്റ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റും അടങ്ങുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രമാണ് ഉപയോഗിക്കുക. സ്ഥാനാര്‍ത്ഥികളുടെ ബാഹുല്യത്തിനനുസരിച്ച് ആവശ്യമെങ്കില്‍ അധിക ബാലറ്റ് യൂണിറ്റ് കൂടി ഉള്‍പ്പെടുത്താവുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് ബാലറ്റ് യൂണിറ്റ് സജ്ജീകരിക്കുന്നത്. ഇതാദ്യമായി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തൊട്ടാകെ ഫോട്ടോപതിച്ച വോട്ടര്‍പട്ടിക ഉപയോഗിക്കാന്‍ തീരുമാനിച്ചതായും കമ്മീഷന്‍ അറിയിച്ചു. അടുത്തമാസം പകുതിയോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിലുള്ള മുഴുവന്‍ പേരുകളും ഉള്‍ക്കൊള്ളുന്ന കരട് വോട്ടര്‍ പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കും. വിട്ടുപോയവര്‍ക്ക് ഈ അവസരത്തില്‍ പേര് ചേര്‍ക്കാനാവും. സ്ഥലംമാറ്റം, ഒഴിവാക്കല്‍ എന്നിവയുടെ അപേക്ഷ നേരിലും മറ്റുള്ളവ ഓണ്‍ലൈനായും സമര്‍പ്പിക്കാം. സുഗമമായ തെരഞ്ഞെടുപ്പിനായി 35,000 -ല്‍ പരം പോളിംഗ് ബൂത്തുകളാണ് ഇത്തവണ ഒരുക്കുന്നത്.
ഒരാള്‍ക്ക് മൂന്ന് ബാലറ്റ് പേപ്പറുകളില്‍ വോട്ട് രേഖപ്പെടുത്തേണ്ടതിനാല്‍ പല വാര്‍ഡുകളിലും ഒന്നിലധികം ബൂത്തുകള്‍ സജ്ജീകരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അദ്ധ്യക്ഷനായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ രൂപീകരിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കഴിയുന്നിടത്തോളം പരിസ്ഥിതി സൗഹൃദമാക്കാന്‍ രാഷ്ട്രീയകക്ഷികളുടെ സഹകരണവും കമ്മീഷന്‍ തേടി. യോഗത്തില്‍ ദേശീയ, സംസ്ഥാന രാഷ്ട്രീയകക്ഷികളുടെയും കേരള നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയകക്ഷികളുടെയും പ്രതിനിധികള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി പി.ഗീത, മറ്റ് ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post