* മാഞ്ഞാലിക്കുളം, പൊന്നറ പാര്‍ക്ക്, പുത്തരിക്കണ്ടം മൈതാനം എന്നിവിടങ്ങളിലാണ് മഴവെള്ള സംഭരണികള്‍ നിര്‍മ്മിക്കുക
തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതികളുടെ ഭാഗമായി മാഞ്ഞാലിക്കുളം ഗ്രൗണ്ടില്‍ മഴവെള്ളം സംഭരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നു. ഇതിനൊപ്പം ഗ്രൗണ്ടില്‍ ജോഗിംഗ് പാര്‍ക്ക്, ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉള്‍പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കി മനോഹരമായി നവീകരിക്കാനും പദ്ധതിയുണ്ട്.
ഗ്രൗണ്ടിന്റെ ഒരുഭാഗത്ത് ഇതിനായി കുളം നിര്‍മ്മിച്ച് സെക്രട്ടേറിയറ്റ് ഭാഗത്തുനിന്നും മറ്റും മഴയില്‍ കുത്തൊഴുക്കായി വരുന്ന വെള്ളം ശേഖരിക്കുകയാണ് ഉദ്ദേശ്യം. മാഞ്ഞാലിക്കുളം ഗ്രൗണ്ടില്‍ മഴവെള്ളം ശേഖരിക്കാനുള്ള സംവിധാനമാകുന്നതോടെ തമ്പാനൂര്‍, എസ്.എസ് കോവില്‍ റോഡില്‍ വെള്ളക്കെട്ടിനുള്ള സാധ്യത ഏതാണ്ട് ഇല്ലാതാകും. കുളം ഒരുക്കാനായി ഗ്രൗണ്ടില്‍ നിന്ന് നീക്കം ചെയ്യുന്ന മണ്ണ് ആക്കുളം ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഗ്രൗണ്ടിലെ ആവശ്യങ്ങള്‍ക്കായി മാറ്റാന്‍ പി.ഡബഌയു.ഡി റോഡ്‌സ് വിഭാഗത്തിന് നിര്‍ദേശം നല്‍കി. മാഞ്ഞാലിക്കുളത്ത് പുതുതായി നിര്‍മിക്കുന്ന കുളത്തില്‍ കുട്ടികള്‍ക്കായി ബോട്ടിംഗ് ഉള്‍പെടെ ഏര്‍പ്പെടുത്തി ഉല്ലാസകേന്ദ്രമാക്കുന്നത് പരിഗണിക്കും. ഇവിടെ ഒഴുകിയെത്തുന്ന ജലം മഴക്കാലത്തിനുശേഷം ആമയിഴഞ്ചാന്‍തോട് വഴി പമ്പ് ചെയ്ത് കളയും. ഇതിനുപുറമേ, പൊന്നറ പാര്‍ക്ക്, പുത്തരിക്കണ്ടം മൈതാനം എന്നിവിടങ്ങളിലും മഴവെള്ളം ശേഖരിക്കാവുന്ന വിധത്തില്‍ കുളങ്ങള്‍ പരിഗണനയിലുണ്ട്.
ചീഫ് സെക്രട്ടറി ജിജി തോംസന്റെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേമ്പറില്‍ വകുപ്പ് സെക്രട്ടറി, ജില്ലാ കളക്ടര്‍, കെ.എസ്.യു.ഡി.പി പ്രതിനിധികള്‍ ഉള്‍പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് പദ്ധതി നടപ്പാക്കാന്‍ പ്രാഥമിക ധാരണയായത്. വൈകിട്ട് ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിന്റെ നേതൃത്വത്തില്‍ മാഞ്ഞാലിക്കുളം ഗ്രൗണ്ട് സന്ദര്‍ശിച്ച് പദ്ധതി സംബന്ധിച്ച് പ്രാഥമിക വിലയിരുത്തലുകള്‍ നടത്തി. മണ്ണുമാന്തിയുടെ സഹായത്തോടെ കുഴിയെടുത്ത് പ്രദേശത്തെ ജലനിരപ്പ് പരിശോധിച്ചു. 1.81 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള മൈതാനത്തില്‍ ഒരേക്കറോളം വരുന്ന കുളം നിര്‍മിക്കാനാണ് ആലോചിക്കുന്നത്. ഇതിനാല്‍ ജലനിരപ്പ് ഉള്‍പെടെ ശാസ്ത്രീയമായി വിശകലനം ചെയ്തശേഷം പണി തുടങ്ങും. ബാക്കിസ്ഥലം കളിസ്ഥലമായി നിര്‍നിര്‍ത്തി ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മിക്കുന്നത് പരിഗണിക്കും.
സബ് കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, എ.ഡി.എം ഇന്‍ ചാര്‍ജ് ഹരി എസ്. നായര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
Discussion about this post