ന്യൂഡല്‍ഹി: പി.ഡി.പി. നേതാവ് അബ്ദുല്‍ നാസര്‍ മദനി പ്രതിയായ ബംഗുളുരു സ്‌ഫോടനക്കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ രണ്ടു കൊല്ലമെടുക്കുമെന്ന് വിചാരണക്കോടതി സുപ്രീം കോടതിയെ അറിയിച്ചു. വിചാരണ നാലു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കഴിഞ്ഞകൊല്ലം നവംബര്‍ 14ന് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വിചാരണ തീരുംവരെ മഅദനിക്ക് സുപ്രീംകോടതി ജാമ്യം നല്‍കിയത്.
മാര്‍ച്ച് 14ന് നാലുമാസം കഴിഞ്ഞപ്പോഴാണ് വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം കര്‍ണാടകം ചോദിക്കുന്നത്. വിചാരണ അട്ടിമറിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ശ്രമിക്കുന്നതായി മഅദനി കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
മുമ്പ് വിസ്തരിച്ച 15 സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നാണ് കര്‍ണാടകം പുതിയ അപേക്ഷ നല്‍കിയിട്ടുള്ളത്. ജനവരി 31ന് മുമ്പ് സാക്ഷിവിസ്താരം തീര്‍ക്കുമെന്നും വിചാരണകോടതിയെ കര്‍ണാടകം നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, കോടതി മാറ്റിയ സര്‍ക്കാര്‍ പുതിയ കോടതിയില്‍ തെളിവുകള്‍ സമയത്തിന് ഹാജരാക്കിയില്ല.
ബംഗ്ലൂരു സ്‌ഫോടനക്കേസില്‍ ജയിലില്‍ അടച്ചശേഷം ആരോഗ്യം പൂര്‍ണമായി ക്ഷയിച്ചതായും സത്യവാങ്മൂലം പറയുന്നു. തിരുവനന്തപുരം ആര്‍.സി.സി.യില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെയും പക്ഷാഘാതം മൂലം തളര്‍ന്ന അച്ഛനെയും കാണാന്‍ വിചാരണ നീളുന്നതിനാല്‍ സാധിക്കുന്നില്ല. ബെംഗളൂരു വിട്ടു പോവരുതെന്ന ജാമ്യവ്യവസ്ഥ മാറ്റി കേരളത്തില്‍ പോവാന്‍ അനുമതി നല്‍കണം. ആവശ്യമുള്ള സമയത്ത് വിചാരണയ്ക്ക് ഹാജരാകാമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
Discussion about this post