ന്യൂഡല്‍ഹി: അബ്ദുള്‍ നാസര്‍ മദനിക്കു കേരളത്തിലെത്തി അമ്മയെ കാണാന്‍ മദനിക്കു സുപ്രീംകോടതി അനുമതി നല്‍കി. അഞ്ചു ദിവസത്തേക്കാണു അനുമതി നല്‍കിക്കൊണ്ടാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. ജാമ്യ കാലാവധി നീട്ടണമെന്നും ജാമ്യവ്യവസ്ഥയില്‍ ഇളവു വേണമെന്നും ആവശ്യപ്പെട്ടായിരുന്നു മദനി സുപ്രീംകോടതിയെ സമീപിച്ചത്.
മദനിയുടെ അമ്മയുടെ ആരോഗ്യനില മോശമാണെന്നും ഇതിനാല്‍ അമ്മയെ കാണാന്‍ അനുമതി നല്‍കണമെന്നും മദനിയുടെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനായി മതിയായ സുരക്ഷയൊരുക്കണമെന്നു കോടതി കര്‍ണാടക പോലീസിനോടു നിര്‍ദേശിച്ചു. മദനിയെത്തുന്ന സ്ഥലത്തെ ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ടു ഇതിനായ ക്രമീകരണങ്ങളൊരുക്കണമെന്നും കര്‍ണാടക പോലീസിനോടു കോടതി പറഞ്ഞു.
കേസിന്റെ വിചാരണ പൂര്‍ത്തയാകാന്‍ രണ്ടു വര്‍ഷം വേണമെന്നു കേസ് പരിഗണിക്കുന്ന കോടതി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. നിലവില്‍ കേസ് പരിഗണിച്ച കോടതിയില്‍ നിന്നും പുതിയ കോടതിയിലേയ്ക്കു എന്തിനു കേസിന്റെ വിചാരണ മാറ്റിയെന്നു കോടതി കര്‍ണാടക സര്‍ക്കാരിനോടു ചോദിച്ചു. ഇക്കാര്യത്തില്‍ ഉടന്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. വിചാരണ നീളുന്നതിന്റെ കാരണം അറിയിക്കണമെന്നും കോടതി പറഞ്ഞു. നാലു മാസത്തിനകം വിചാരണ പൂര്‍ത്തിയാകുമെന്നായിരുന്നു കഴിഞ്ഞ ഡിസംബറില്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ രണ്ടു വര്‍ഷം വേണ്ടിവരുമെന്ന പുതിയ വാദത്തേയും കോടതി ചോദ്യം ചെയ്തു. വിചാരണ അനന്തമായി നീണ്ടു പോകുന്നതും ആരോഗ്യപ്രശ്‌നങ്ങളുമാണു മദനിയുടെ അഭിഭാഷകന്‍ പ്രധാനമായും കോടതിയില്‍ ചൂണ്ടിക്കാണിച്ചത്.
ഇക്കാര്യങ്ങള്‍ പരിഗണിച്ചാണു ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിക്കാന്‍ കോടതി തീരുമാനിച്ചത്. ബംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടാണു മദനിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ലഭിച്ച ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണു മദനി വീണ്ടും കോടതിയെ സമീപിച്ചത്.
Discussion about this post