കൊല്ലം: ജനങ്ങള്‍ വൈദ്യുതപദ്ധതികളെ കണ്ണടച്ച് എതിര്‍ക്കുന്നസ്ഥിതി തുടര്‍ന്നാല്‍ കേരളം ഇരുട്ടിലാകുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. അയത്തില്‍ സെക്ഷന്‍ ഓഫീസ്, ചിന്നക്കട 110 കെ വി ജി ഐ എസ് സബ് സ്റ്റേഷന്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അയത്തില്‍ സെക്ഷന്‍ ഓഫീസില്‍ നിന്നും റോഡ്മാര്‍ഗ്ഗം അഞ്ചു കിലോമീറ്റര്‍ ഭൂമിക്കടിയിലൂടെ വേണം ചിന്നക്കടയിലെ ജി ഐ എസ് (ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍) സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കാന്‍. രണ്ടു കൊല്ലം കൊണ്ട് പദ്ധതി പൂര്‍ത്തിയാവും. എന്നാല്‍ ജനങ്ങള്‍ എതിര്‍പ്പുമായി വന്നാല്‍ പദ്ധതി മുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 500 മെഗാവാട്ട് ഉദ്പാദന ശേഷിയുള്ള കായംകുളം എല്‍ എന്‍ ജി ടെര്‍മിനലും നിരവധി ചെറുപദ്ധതികളും ജനങ്ങളുടെ അന്ധമായ എതിര്‍പ്പിനെത്തുടര്‍ന്ന് മുടങ്ങി. സമീപഭാവിയില്‍ 4674 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്തിന് ആവശ്യമുള്ളത്. കേവലം 1700 മെഗാവാട്ട് വൈദ്യുതി മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. പരിമിതികള്‍ക്കിടയിലും ജീവനക്കാരുടെ സഹകരണം ബോര്‍ഡിന് നേട്ടങ്ങളുണ്ടാക്കുന്നുണ്ട്. ഊര്‍ജ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം കെ എസ് ഇ ബിക്കാണ് ലഭിച്ചത്. കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിലും അത് ദീര്‍ഘനാളത്തേക്ക് ലഭ്യമാക്കുന്നതിന് കരാറില്‍ ഏര്‍പ്പെടുന്നതിനും സംസ്ഥാനത്തിന് കഴിഞ്ഞു. പാരമ്പരേ്യതര ഊര്‍ജ്ജമേഖലയില്‍ കിഴക്കേ കല്ലടയില്‍ 50 മെഗാവട്ട് ഉത്പാദന ശേഷിയുള്ള സോളാര്‍ പദ്ധതി പുരോഗമിക്കുകയാണ്. അട്ടപ്പാടിയിലും മറ്റുമുള്ള കാറ്റാടി പദ്ധതിയും വിജയമാണ്. കെ എസ് ഇ ബി ജീവനക്കാരെ മഴയത്ത് ലൈനില്‍ വീഴുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നവരായി മാത്രം കാണരുതെന്നും ഇത്തരം തടസങ്ങള്‍ മാറ്റാന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
എ എ അസീസ് എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേയര്‍ ഹണി ബഞ്ചമിന്‍, പി കെ ഗുരുദാസന്‍ എം എല്‍ എ, എ ഡി എം വി.ചന്ദ്രസേനന്‍, കൗസിലര്‍മാരായ സി വി അനില്‍കുമാര്‍, പ്രേം ഉഷാര്‍, മുന്‍ എം എല്‍ എ യൂനുസ് കുഞ്ഞ്, വി സത്യശീലന്‍, ഫിലിപ്പ് കെ തോമസ്, അയത്തില്‍ അപ്പുകുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെ എസ് ഇ ബി ലിമിറ്റഡ് ട്രാന്‍സ്മിഷന്‍ ആന്റ് സിസ്റ്റം ഓപ്പറേഷന്‍ ഡയറക്ടര്‍ കെ വേണുഗോപാല്‍ സ്വാഗതവും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എസ് രാജേശ്വരിയമ്മ നന്ദിയും പറഞ്ഞു.
Discussion about this post