തിരുവനന്തപുരം: സാമൂഹികക്ഷേമപദ്ധതികളുടെ കേന്ദ്രവിഹിതം കുറയ്ക്കുകയാണെങ്കില്‍ സംസ്ഥാനം സ്വന്തം നിലയില്‍ പണം കണ്ടെത്തി ആ കുറവ് നികത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോവളത്ത് മൂന്നു ദിവസമായി നടന്നുവന്ന ജനാധിപത്യശാക്തീകരണം സംബന്ധിച്ച അന്താരാഷ്ട്ര കോണ്‍ഫറന്‍സിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫണ്ടിന്റെ അപര്യാപ്തതമൂലം അംഗന്‍വാടികള്‍ പോലുള്ള സാമൂഹികക്ഷേമസ്ഥാപനങ്ങളില്‍ ഒരു കുറവുമുണ്ടാകാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള ജനാധിപത്യസ്ഥാപനങ്ങള്‍ നല്ല മാതൃകകള്‍ പങ്കുവെയ്ക്കണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കുടുംബശ്രീയും ആശ്രയയുമൊക്കെ ലോകത്തിനാകെ മാതൃകയായ കേരളത്തിന്റെ പദ്ധതികളാണ്. ആശ്രയ പദ്ധതി പൂര്‍ണമായി നടപ്പാക്കാതെ സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സംസാരിക്കാന്‍ നമുക്ക് അവകാശമില്ലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഇരുപത്തിയഞ്ച് കൊല്ലം മുന്‍പുള്ള സേവനങ്ങളല്ല ജനാധിപത്യസ്ഥാപനങ്ങളില്‍ നിന്നും ജനങ്ങള്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഉയരാന്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് കഴിയണം. വികസനത്തോടൊപ്പം കരുതല്‍ എന്നതാണ് സംസ്ഥാനസര്‍ക്കാരിന്റെ മുദ്രാവാക്യം. വികസത്തോടൊപ്പം സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ളവര്‍ക്ക് പ്രത്യേക കരുതല്‍ കൂടി ആവശ്യമാണെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post