തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ കരാറില്‍ അഴിമതി നടന്നതായി ആരോപിക്കുന്ന എല്‍ഡിഎഫ് തന്നെയാണ് അദാനി ഗ്രൂപ്പിനെ പദ്ധതിയിലേക്ക് കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് തെക്കന്‍ മേഖലാ ജാഥ ഗാന്ധി പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ചു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താമെന്ന് ആരും കരുതേണ്ട കാര്യമില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അദാനി ഗ്രൂപ്പിനെ അംഗീകരിച്ച് ഉത്തരവിറക്കിയിരുന്നു. ഇപ്പോള്‍ എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നത് പദ്ധതിയില്‍ 600 കോടിയുടെ അഴിമതി നടന്നെന്നാണ്. വിഴിഞ്ഞം പദ്ധതിയുടെ ആകെച്ചെലവ് അറുനൂറ് കോടിയോളം രൂപയാണെന്നിരിക്കെ 600 കോടിയുടെ അഴിമതിയെന്ന് പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടാക്കി സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ തടസപ്പെടുത്താന്‍ അനുവദിക്കില്ല. കൊച്ചി മെട്രോ, സ്മാര്‍ട്‌സ് സിറ്റി, കണ്ണൂര്‍ വിമാനത്താവളം, തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ റെയില്‍ എന്നീ പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കും. എന്തെല്ലാം വിവാദങ്ങളുണ്ടാക്കിയാലും സര്‍ക്കാര്‍ പിന്നോട്ടുപോകില്ല. 1970 ലാണ് ഇടുക്കി പദ്ധതിക്ക് തുടക്കം കുറിച്ചത്. 1990 കളില്‍ കെ. കരുണാകരന്‍ നെടുമ്പാശേരി വിമാനത്താവളം കൊണ്ടുവന്നു. അതിനുശേഷം എടുത്തുപറയാനാകുന്ന ഏത് പദ്ധതിയാണ് സംസ്ഥാനത്തു നടപ്പിലാക്കാനായതെന്ന് വിമര്‍ശിക്കുന്നവര്‍ ചിന്തിക്കണം. കഴിഞ്ഞ നാലുവര്‍ഷമായി യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമായി ചിന്തിക്കുന്ന എല്ലാവരും അംഗീകരിക്കുന്നതാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചുപോലും കേരളം വികസനകാര്യത്തില്‍ വളരെ മുന്നിലാണ്.
എല്ലാ നടപടികളും പാലിച്ചും എല്ലാ കടമ്പകളും കടന്നുമാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. എതു വിഷയവും ആരുമായും ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണ്. പക്ഷേ, വിവാദമുണ്ടാക്കി സര്‍ക്കാരിനെ തകര്‍ക്കാമെന്ന് കരുതരുത്. ഈ സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. വിവാദങ്ങളുണ്ടാക്കി നേടാനുള്ളത് നേടാതിരിക്കുന്ന സ്ഥിതി ഉണ്ടാക്കുന്നതു ശരിയല്ല. വികസനത്തിന്റെ പേരിലെ വിവാദങ്ങളും അംഗീകരിക്കില്ല. ആക്ഷേപങ്ങളും ആരോപണങ്ങളും ഒളിച്ചുവെക്കാതെ ഏത് അന്വേഷണത്തേയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫില്‍ നിന്ന് ആരെയെങ്കിലും അടര്‍ത്തിമാറ്റാമെന്ന എല്‍ഡിഎഫിന്റെ ആഗ്രഹം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്ന് ചടങ്ങില്‍ പ്രസംഗിച്ച കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍ പറഞ്ഞു. ആരെങ്കിലും മുന്നണി വിട്ടുവരുന്നോ എന്ന് നോക്കിയിരിക്കുകയാണവര്‍. ഒരു കക്ഷിയും യുഡിഎഫ് വിട്ടുപോകില്ല. ഈ സര്‍ക്കാരും മുന്നണിയും ശക്തമായി തന്നെ മുന്നോട്ടുപോകും. ആത്മവിശ്വാസം നഷ്ടപ്പെട്ട ഇടതുമുന്നണി അങ്കലാപ്പിലായിരിക്കുകയാണ്. അവരുടെ എല്ലാ നീക്കങ്ങളും പരാജയപ്പെടുന്നു. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ പൂര്‍ണമായി ജനങ്ങളിലെത്തിക്കാന്‍ മേഖലാജാഥകള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നിന്ന് ആരംഭിച്ച തെക്കന്‍മേഖലാ ജാഥയുടെ ഉദ്ഘാടന ചടങ്ങില്‍ യുഡിഎഫ് തിരുവനന്തപുരം ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ബീമാപള്ളി റഷീദ് സ്വാഗതം പറഞ്ഞു. മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ.എം. മാണി, കെ. ബാബു, ഷിബു ബേബി ജോണ്‍, വി.എസ്. ശിവകുമാര്‍, വിവിധ കക്ഷിനേതാക്കളായ പാലോട് രവി, ജോണി നെല്ലൂര്‍, തലേക്കുന്നില്‍ ബഷീര്‍, ഷേക്ക് പി. ഹാരിസ്, കരകുളം കൃഷ്ണപിള്ള, പ്രഫ. തോന്നയ്ക്കല്‍ ജമാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജാഥാ ക്യാപ്റ്റന്‍ എന്‍.കെ. പ്രേമചന്ദ്രന്‍, വൈസ് ക്യാപ്റ്റന്‍ അഡ്വ.എ.എന്‍. രാജന്‍ ബാബു തുടങ്ങിയവരെ കെപിസിസി പ്രസിഡന്റ് ഷാള്‍ അണിയിച്ചു.
Discussion about this post