തിരുവനന്തപുരം: പഞ്ചായത്തിന്റെ മുഴുവന്‍ ഭൗമവിവര ശേഖരണം നടത്തി കേരളത്തിലെ ആദ്യ ഭൗമവിവര ശേഖര പഞ്ചായത്തായി മാറാനുളള പദ്ധതിയുടെ അവസാന മിനുക്കുപണികളിലാണ് മാണിക്കല്‍ ഗ്രാമപഞ്ചായത്ത്. ജനക്ഷേമപരവും സുതാര്യവുമായ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തെ മികച്ച പഞ്ചായത്തുകളിലൊന്നായ മാണിക്കല്‍ പുതിയൊരു സംവിധാനത്തിന് കൂടിയാണ് ഇതിലൂടെ തുടക്കമിടുന്നത്. കരകുളം ഗ്രാമീണ പഠനകേന്ദ്രമാണ് പദ്ധതിക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്. ഭൗമവിവരങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാകുന്ന തരത്തിലുളള ഏറ്റവും പുതിയ ജിയോ ഇന്‍ഫര്‍മേഷന്‍ സോഫ്റ്റ്‌വെയറാണ് ഇതിനായി ഉപയോഗിച്ചിട്ടുളളത്. ആവശ്യമായ വിവരശേഖരണങ്ങള്‍ ഇതിനകം പൂര്‍ത്തിയായി.
ഭൂവിവരങ്ങളുടെ മാപ്പിംഗ് അവസാന ഘട്ടത്തിലാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ പഞ്ചായത്തിന്റെ മുഴുവന്‍ ഭൂമിശാസ്ത്ര വിവരങ്ങളും അധികൃതര്‍ക്ക് ഒറ്റ ക്ലിക്കിലൂടെ മനസ്സിലാക്കുവാന്‍ സാധിക്കും. ഈ സോഫ്റ്റ്‌വെയറിന്റെ ഉപയോഗം പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നവ, പഞ്ചായത്ത് അധികൃതര്‍ക്ക് മാത്രം ലഭ്യമാകുന്നവ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. വ്യക്തികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാനും സംവിധാനമുണ്ട്. വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയുളള വിവരശേഖരണം മുഴുവന്‍ നടത്തിയത് പഞ്ചായത്തിലെ സന്നദ്ധ പ്രവര്‍ത്തകരാണ്. പഞ്ചായത്തിലെയും ഓരോ വാര്‍ഡുകളിലേയും അതിര്‍ത്തികള്‍ വേര്‍തിരിച്ച് വാര്‍ഡിലുള്‍പ്പെടുന്ന വീട്, ഗൃഹനാഥന്റെ പേര്, മറ്റ് അംഗങ്ങളുടെ വിവരങ്ങള്‍, കിണര്‍, ടോയ്‌ലറ്റ്, ഭൂവിവരങ്ങള്‍, സര്‍വ്വേ നമ്പര്‍ എന്നിവ പ്രാഥമിക തലത്തില്‍ ശേഖരിച്ചു. 11,000 ത്തോളം കുടുംബങ്ങളാണ് പഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍. ഈ കുടുംബങ്ങളുടേയും അവരുടെ ഭൂമിയേയും സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും ഇതിനകം ശേഖരിച്ച് മാപ്പിംഗ് ചെയ്തു കഴിഞ്ഞു. പഞ്ചായത്തിലെ കോളനികളെയും അയല്‍ക്കൂട്ടങ്ങളും അവരുടെ പ്രവര്‍ത്തനവും ഇതില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ വീടുകളിലേയും ശരാശരി വൈദ്യുത ഉപഭോഗവും കണക്കാക്കുന്നുണ്ട്. പഞ്ചായത്തിന്റെ ശരാശരി ഊര്‍ജ ഉപഭോഗം കണക്കാക്കുന്നതിനു വേണ്ടിയാണിത്. പഞ്ചായത്തിലുടനീളമുള്ള റോഡുകളും മാപ്പ് ചെയ്തിട്ടുണ്ട്. റോഡ് ടാര്‍ ചെയ്തതാണോ, കോണ്‍ക്രീറ്റാണോ മറ്റുള്ളവയാണോ എന്ന് വേര്‍തിരിച്ചറിയാനുമുള്ള സംവിധാനവും ഇതിലുണ്ട്. കിണര്‍, കുളം, അരുവികള്‍ എന്നീ ജലസ്രോതസ്സുകളെ സംബന്ധിക്കുന്ന വിവരങ്ങളും ഓരോ പ്രദേശത്തിന്റെ ജല ലഭ്യതയും മാപ്പിംഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പഞ്ചായത്തിലെ ഓരോ വാര്‍ഡുകളും സമുദ്രനിരപ്പില്‍ നിന്ന് എത്ര അടി ഉയരത്തിലാണെന്നുള്ള കോണ്ടൂര്‍ മാപ്പിംഗ് രീതി, പ്രദേശത്ത് ഏത് വിളയാണ് കൃഷി ചെയ്തിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ലാന്‍ഡ്യൂസ് മാപ്പിംഗ് രീതി എന്നിവയും അവലംബിച്ചിട്ടുണ്ട്. ഓരോ പ്രദേശവും തരിശു നിലമാണോ, വയല്‍ നികത്തിയ പ്രദേശമാണോ മണ്ണിന്റെ സ്വഭാവം, പ്രദേശത്തിന്റെ ചരിവ് എന്നിവ പോലും മാപ്പിംഗില്‍ കൃത്യമായി ഉള്‍പ്പെടുന്നു.
മണ്ണിന്റെ സ്വഭാവവും ജല ലഭ്യതയും മനസ്സിലാക്കുന്നതിലൂടെ ഏത് കൃഷിരീതി അവലംബിക്കണമെന്ന് വേണ്ട നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ കൃഷിഭവനും പഞ്ചായത്തിനും സാധിക്കും. പഞ്ചായത്തിലെ അംഗന്‍വാടികള്‍, പോസ്റ്റ്ഓഫീസുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, അക്ഷയകേന്ദ്രങ്ങള്‍ എന്നിവയെല്ലാം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ഓരോ കുടുംബത്തിനും അതത് സാമ്പത്തികവര്‍ഷം നല്‍കുന്ന ആനുകൂല്യങ്ങളും മാപ്പിംഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അര്‍ഹമായവര്‍ക്ക് വേണ്ട ആനുകൂല്യങ്ങള്‍ നല്‍കുവാനും ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പരാതികള്‍ പരിഹരിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. പ്രാദേശിക സര്‍ക്കാരായ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കുറേക്കൂടി സുതാര്യമാക്കുക, പൊതുജനങ്ങള്‍ക്ക് വേണ്ടത് മനസ്സിലാക്കി പ്രവര്‍ത്തിക്കുക, നടപ്പിലാക്കിയ പദ്ധതികളില്‍ പാളിച്ചകളുണ്ടെങ്കില്‍ പരിഹരിക്കുക, അനുയോജ്യമായവ നടപ്പിലാക്കുക എന്നിങ്ങനെയുള്ള അനന്ത സാധ്യതകളാണ് ഈ ഭൗമസര്‍വ്വേയിലൂടെ മാണിക്കല്‍ ഗ്രാമപഞ്ചായത്തിന് കൈവന്നിരിക്കുന്നത്. സോഫ്റ്റ്‌വെയറിന്റെ അവസാന ഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ ആദ്യ ഭൗമവിവര പഞ്ചായത്തെന്ന ബഹുമതിയും മാണിക്കലിന് സ്വന്തമാകും.












