തിരുവനന്തപുരം: തമിഴ്‌നാടുള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലെത്തുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനികള്‍ അനിയന്ത്രിതമായി ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇവയുടെ വിപണനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ഇതിനാവശ്യമായ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഭക്ഷ്യസുരക്ഷാകമ്മീഷണര്‍ ടി.വി. അനുപമയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാരസമിതിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
നാഗര്‍കോവില്‍, തിരുനല്‍വേലി, ഡിണ്ടിഗല്‍, കൊടൈക്കനാല്‍, ഓടന്‍ഛത്രം, കോയമ്പത്തൂര്‍, മേട്ടുപ്പാളയം മുതലായ സ്ഥലങ്ങളിലെ കൃഷിയിടങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഈ സമിതി സന്ദര്‍ശിച്ചത്. അവിടങ്ങളിലെ കര്‍ഷകരുമായും ഹോര്‍ട്ടികള്‍ച്ചര്‍ ഉദ്യോഗസ്ഥരുമായും കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധരുമായും സംഘം ചര്‍ച്ച നടത്തി. കേരളത്തില്‍ നിരോധിച്ചതും ശരീരത്തിന് ഹാനികരവുമായ മാരക കീടനാശിനികളും കൃമിനാശിനികളും കുമിള്‍നാശിനികളും കളനാശിനികളുമാണ് കേരളത്തിലേക്കയയ്ക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും വിളവെടുപ്പുസമയത്തും അതിനുശേഷവും അനിയന്ത്രിതമായി പ്രയോഗിക്കുന്നതെന്ന് യോഗത്തില്‍ ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ ഹോര്‍ട്ടികള്‍ച്ചറല്‍, അഗ്രികള്‍ച്ചറല്‍ ഉദ്യോഗസ്ഥരുടെ ഫലപ്രദമായ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടാകുന്നില്ല. അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് കാര്‍ഷികോല്പാദനകമ്മീഷണര്‍ക്ക് കത്തയയ്ക്കാന്‍ ഭക്ഷ്യസുരക്ഷാകമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യസുരക്ഷാ ഉന്നതാധികാര സമിതി 27 ന് തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനങ്ങള്‍ കൈക്കൊള്ളും.
അയല്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തി ജില്ലകളിലുള്ള തോട്ടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് പഴങ്ങളും പച്ചക്കറികളും എത്തുന്നത്. കേരളത്തിലെ കാര്‍ഷികവിളകളില്‍ കീടനാശിനികളുടെ ഉപയോഗം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍, പഴം, പച്ചക്കറികളുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ബോധവല്‍ക്കരണം ഊര്‍ജ്ജിതമാക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കും.
Discussion about this post