ന്യുദല്‍ഹി: ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ശാസിക്കാന്‍ പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു. പാര്‍ട്ടിയുമായി ആലോചിക്കാതെ സി.ബി.ഐ അന്വേഷണത്തിന് വി.എസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് നടപടിക്ക് കാരണമായത്. ലോട്ടറി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു തെറ്റും ഉണ്ടായിട്ടില്ലെന്ന് പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഭൂട്ടാന്‍ പോലെയുള്ള സംസ്ഥാനത്തെ ലോട്ടറികളെ എങ്ങനെയാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും കാരാട്ട് പറഞ്ഞു. ഇത്തരം ലോട്ടറികള്‍ പ്രവര്‍ത്തിക്കന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മുഴുവന്‍ കേന്ദ്ര സര്‍ക്കാരിനാണ്. കേന്ദ്ര നിയമം അനുസരിച്ചാണ് അന്യസംസ്ഥാന ലോട്ടറികള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ കേന്ദ്രമാണ് നടപടിയെടുക്കേണ്ടതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. എന്നാല്‍ വി.എസ് അച്യുതാനന്ദന്‍ കടുത്ത അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് സംസ്ഥാന നേതാക്കള്‍ പി.ബി യോഗത്തെ അറിയിച്ചു.
ഒന്നുകില്‍ വി.എസ് അച്യുതാനന്ദനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം അല്ലെങ്കില്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കണമെന്നായിരുന്നു സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്. വളരെ ഗുരുതരമായ തെറ്റാണ് മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് വി.എസ് ചെയ്‌തതെന്നും സംസ്ഥാന നേതാക്കല്‍ പി.ബിയില്‍ വാദിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് പോകരുതെന്ന് ചില കേന്ദ്ര നേതാക്കള്‍ അറിയിച്ചു. വി.എസ് അച്യുതാനന്ദനെ പി.ബിയിലേക്ക് തിരിച്ചെടുക്കുകയാണ് വേണ്ടതെന്നും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വി.എസ് പാര്‍ട്ടിയുമായി കൂടിയാലോചിക്കാതെ തീരുമാനമെടുത്തത് തെറ്റായി പോയെന്ന് പി.ബി വിലയിരുത്തി.
പി.ബിയുടെ അഭിപ്രായം കേന്ദ്ര കമ്മിറ്റിക്ക് മുമ്പാകെ വയ്‌ക്കും. ഇതിനെ പാര്‍ട്ടിക്കുള്ളിലെ ശാസനയായി കണക്കാക്കാമെന്ന് മുതിര്‍ന്ന പി.ബി അംഗങ്ങള്‍ അറിയിച്ചു. ലോട്ടറി വിഷയം വളരെ ശക്തമായാണ് സംസ്ഥാന കമ്മിറ്റി പോളിറ്റ് ബ്യൂറോയില്‍ ഉന്നയിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ നടപടികളെക്കുറിച്ച് ആലോചിക്കാമെന്നാണ് കേന്ദ്ര നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.
Discussion about this post